ജില്ലാ പഞ്ചായത്തിന്റെ വിവിധ ഡിവിഷനുകളിൽ നിന്ന് മത്സരിക്കുന്ന പ്രമുഖമുന്നണി സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നു.
പത്തിയൂർ ഡിവിഷൻ
ഇടതു പക്ഷത്തിന്റെ കുത്തക ഡിവിഷൻ.കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പു വിജയങ്ങൾ ഇടതു ക്യാമ്പിന്റെ കരുത്ത്.യുവാക്കളുടെ പോരാട്ടമാണ് ഇത്തവണ.2010ലും 2015ലും ഇവിടെ നിന്നു വിജയിച്ചവർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായത് പ്രചാരണത്തിന് ഊറ്രം പകരുന്നു.എങ്കിലും വിട്ടുകൊടുക്കാൻ യു.ഡി.എഫ് തയ്യാറല്ല.
ഡിവിഷൻ ഘടന
പത്തിയൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടല്ലൂർ (10), ചേപ്പാട് (5),ചെട്ടികുളങ്ങര(8) വാർഡുകളും ഉൾപ്പെട്ടതാണ് പത്തിയൂർ ഡിവിഷൻ.
മുന്നണിസ്ഥാനാർത്ഥികൾ
കെ.ജി.സന്തോഷ് (എൽ.ഡി.എഫ്)
സ്വാതന്ത്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എം.പി.കൃഷ്ണപിള്ളയുടെ ചെറുമകൻ. സി.പി.ഐ മാവേലിക്കര, കായംകുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായും ഭരണിക്കാവ് മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ ജില്ലാ കൗൺസിൽ അംഗം. കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ്, കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്.
വിശാഖ്പത്തിയൂർ(യു.ഡി.എഫ്)
നിയമ വിദ്യാർത്ഥി.കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി. എൻ.എസ്.യു.ഐ ദേശിയ നവമാദ്ധ്യമ വിഭാഗം കോ-ഓർഡിനേറ്റർ. ജവാഹർ ബാലജന വേദി കായംകുളം ബ്ലോക്ക് പ്രസിഡന്റ്, ജില്ല ജനറൽ സെക്രട്ടറി, ജില്ല കോഓർഡിനേറ്റർ, കെഎസ്.യു കായംകുളം ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
സജീവ് ഗോപാലകൃഷ്ണൻ (എൻ.ഡി.എ)
ശ്രീശ്രീ രവിശങ്കർ നേതൃത്വം കൊടുക്കുന്ന ആർട്ട് ഓഫ് ലിവിങ് യോഗാചാര്യൻ.കായംകുളം ഗായത്രി സെൻട്രൽ സ്കൂളിൽ യോഗ അദ്ധ്യാപകൻ.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
മണിവിശ്വനാഥ് (സി.പി.ഐ)...........20,193
സതിയമ്മ(കോൺ)................17,578
സുഷമ വി.നായർ(ബി.ജെ.പി)....6505
ഭൂരിപക്ഷം............2615
കരുവാറ്റ ഡിവിഷൻ
ഡിവിഷൻ നിവലിൽ വന്ന ശേഷം മൂന്ന് തവണ എൽ.ഡി.എഫും രണ്ട് തവണ യു.ഡി.എഫും വിജയിച്ചു.1995ൽ പി.വി.സിന്ധു, 2015ൽ രമ്യരമണൻ(ഇരുവരും വനിത സംവരണം), 2005ൽ സി.പ്രസാദ് (പട്ടികജാതി സംവരണം) എന്നിവർ സി.പി.എമ്മിൽ നിന്നും 2000ലും 2010ലും കോൺഗ്രസിലെ എ.കെ.രാജനും തിരഞ്ഞെടുക്കപ്പെട്ടു.
ഡിവിഷന്റെ ഘടന
തൃക്കുന്നപ്പുഴ(17), കരുവാറ്റ(13), കുമാരപുരം(14), കാർത്തികപ്പള്ളി(5) പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടുന്നു.
മുന്നണി സ്ഥാനാർത്ഥികൾ
എ.കെ.രാജൻ(യു.ഡി.എഫ്) മൂന്നാം മത്സരം. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്. കുമാരപുരം ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്, കയർകോർപ്പറേഷൻ ഭരണസമിതി അംഗം, കയർ പുനഃസംഘടനാ സമിതി അംഗം.
അഡ്വ. ടി.എസ്.താഹ(എൽ.ഡി.എഫ്) സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗം. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം, പല്ലന മഹാകവി കുമാരനാശാൻ സ്മാരക സമിതി അംഗം, പാലിയേറ്റീവ് കെയർ(കനിവ്) കാർത്തികപ്പള്ളി ഏരിയ ചെയർമാൻ. ഏറ്റവും പ്രായം കുറഞ്ഞ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
അഡ്വ. കെ. ശ്രീകുമാർ(എൻ.ഡി.എ) ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം, ബി.എം.എസ് മുൻ ജില്ല പ്രസിഡന്റ്, ഹരിപ്പാട് ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ്, ഹരിപ്പാട് സേവാഭാരതിയുടെ രക്ഷാധികാരി, അഭിഭാഷകൻ, കർഷകൻ.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
രമ്യാരമണൻ(സി.പി.എം).........22,875
ശ്രീദേവി രാജു(കോൺഗ്രസ്).....18,497
ശാന്തകുമാരിയമ്മ(ബി.ജെ.പി)....3873
ഭൂരിപക്ഷം.....4378
ആര്യാട് ഡിവിഷൻ
ഇടതുകോട്ടയായ ആര്യാട് ഡിവിഷൻ പിടിച്ചെടുക്കാൻ കടുത്ത പരിശ്രമത്തിലാണ് യു.ഡി.എഫും എൻ.ഡി.എയും. നാല് തവണ എൽ.ഡി.എഫും ഒരു തവണ കോൺഗ്രസുമാണ് ഇവിടെ വിജയിച്ചത്. 1995 ൽ ഫിലോമിന ടോമിക്ക് ശേഷം കോൺഗ്രസിന് ആര്യാട്ട് വിജയം കൈവരിക്കാനായിട്ടില്ല. 2000 ൽ പ്രൊഫ.സി.വി.നടേശൻ,2005ൽ അഡ്വ.ആർ.റിയാസ്,2010ൽ കെ.ജി.രാജേശ്വരി,2015 ൽ പി.എ.ജുമൈലത്ത് എന്നിവർ എൽ.ഡി.എഫിനു വേണ്ടി വിജയം കൊയ്തു.
ഡിവിഷൻ ഘടന
മണ്ണഞ്ചേരി പഞ്ചായത്ത്,ആര്യാട് ഒന്ന് മുതൽ 13 വാർഡുകളും മാരാരിക്കുളം തെക്കിന്റെ തീരപ്രദേശം ഉൾപ്പെടുന്ന ഏഴു മുതൽ 12 വാർഡുകളും ചേരുന്നതാണ് ആര്യാട് ഡിവിഷൻ.
മുന്നണി സ്ഥാനാർത്ഥികൾ
അഡ്വ.ആർ.റിയാസ് (എൽ.ഡി.എഫ്) രണ്ടാം മത്സരം.സിപി.എം മാരാരിക്കുളം ഏരിയ കമ്മറ്റി അംഗം. ജീവതാളം പാലിയേറ്റീവ് കെയർ സൊസൈറ്റി കൺവീനർ,പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ രക്ഷാധികാരി. എസ്.എഫ്.എെ ജില്ലാ സെക്രട്ടറി-കേന്ദ്ര കമ്മറ്റി അംഗം,,ഡി.വൈ.എഫ്.എെ ജില്ലാ ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സി.സി.നിസാർ(യു.ഡി.എഫ്) മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ,കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി .2005 ൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു.മണ്ണഞ്ചേരി മണ്ഡലംയൂത്ത് കോൺഗ്രസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
ആർ.ഉണ്ണികൃഷ്ണൻ ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം. സംസ്ഥാന കമ്മറ്റി അംഗം,ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ്,ജില്ലാ സെൽ കോർഡിനേറ്റർ എന്നീ സ്ഥാനം വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
പി.എ.ജുമൈലത്ത്(സി.പി.എം)............25483
ഗീതാമുരളി(കോൺ)...............................20056
ജി.രേണുക(ബി.ജെ.പി)............................6840
ഭൂരിപക്ഷം.....................................................5427
പുന്നപ്ര ഡിവിഷൻ
ജില്ലാ പഞ്ചായത്ത് ഡിവിഷൻ രൂപീകരിച്ച ആദ്യ തവണ ഒഴികെ പിന്നീടിങ്ങോട്ട് ഇടതിനൊപ്പം . 1995 ൽ ഷാനിമോൾ ഉസ്മാന്റേതാണ് ഏക യു.ഡി.എഫ് വിജയം. കഴിഞ്ഞ തവണ ഡിവിഷനെ പ്രതിനിധീകരിച്ച ജി.വേണുഗോപാലായിരുന്നു പ്രസിഡന്റ്.
ഡിവിഷൻ ഘടന
പുന്നപ്ര വടക്ക്, തെക്ക് പഞ്ചായത്തുകൾ പൂർണമായും, കൈനകരിയിലെ 14 വാർഡുകളും, നെടുമുടിയിലെ മൂന്ന് വാർഡുകളും, ചമ്പക്കുളത്തെ രണ്ടു വാർഡുകളും.
മുന്നണി സ്ഥാനാർത്ഥികൾ
ഗീതാ ബാബു ( എൽ.ഡി.എഫ്) പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിൽ മൂന്ന് തവണ ജയിച്ചു. ക്ഷേമകാര്യ - വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്നു. സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റിയംഗം, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ ഏരിയാ ജോയിന്റ് സെക്രട്ടറി.
കുക്കു ഉന്മേഷ് (യു.ഡി.എഫ്) ആറാട്ടുപുഴ ഗ്രാമപഞ്ചായത്തംഗവും, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായിരുന്നു. ജവഹർ ബാലമഞ്ജ് കാർത്തികപ്പള്ളി ബ്ലോക്ക് ചെയർപേഴ്സണാണ്. മത്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി ജില്ലാ വനിതാ വിഭാഗം ജനറൽ സെക്രട്ടറി.
ആശാ രുദ്രാണി (എൻ.ഡി.എ) മഹിളാമോർച്ച ജില്ലാ ഉപാദ്ധ്യക്ഷ. ബാലസംഘം വഴി രാഷ്ട്രീയ പ്രവേശനം. ആദ്യമത്സരം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
ജി.വേണുഗോപാൽ (എൽ.ഡി.എഫ്) - 21823
ഐ. മുഹമ്മദ് അസ്ലം (യു.ഡി.എഫ്) - 18384
ഡി.ഭുവനേശ്വരൻ (ബി.ജെ.പി) - 8630
ഭൂരിപക്ഷം - 3439