മാനന്തവാടി: കേരളാ സ്റ്റേറ്റ് ബാംബു കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനന്തവാടി വള്ളിയൂർക്കാവ് ബാംബു ഫിഡർ ആൻഡ് ഫർണ്ണിച്ചർ യൂണിറ്റിലെ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് രണ്ട് വർഷമായി ഇതുമൂലം ഉണ്ടായത് കോടികളുടെ നഷ്ടം.
2018 ലെ ശക്തമായ കാലവർഷത്തിൽ കബനി നദി കരകവിഞ്ഞൊഴുകി ഫർണ്ണിച്ചർ യൂണിറ്റ് വെള്ളത്തിനടിയിലാവുകയായിരുന്നു. കോടികൾ വിലയുള്ള യന്ത്രങ്ങൾ വെള്ളം കയറി നശിച്ച് പോവുകയും ചെയ്തു. മുള ആവിയിൽ പുഴുങ്ങി എടുക്കുന്ന ബോയിലർ യന്ത്രത്തിന് മാത്രം ഒരു കോടിയിലെറെ രൂപ വില വരും. ബാംബു ഫിഡർ ആൻഡ് ഫർണ്ണിച്ചർ യൂണിറ്റിൽ നിന്ന് മുള പുഴുങ്ങി എടുത്താണ് കസേര, സെറ്റി, ഡൈനിംഗ് ടേബിൾ, കട്ടിൽ, കട്ടിള എന്നിവ നിർമ്മിക്കുന്നത്. വർഷങ്ങളോളം ഈടു നിൽക്കുന്നതും ഉറപ്പുള്ളതും വില കുറഞ്ഞതുമായ ഇവിടത്തെ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. വെള്ളം കയറി നശിച്ച യന്ത്ര ഉപകരണങ്ങൾ നന്നാക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും വ്യവസായ വകുപ്പിന് കീഴിലുള്ള ബാംബു കോപ്പറേഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. 2007-08 വർഷത്തിൽ ആരംഭിച്ച ഫർണ്ണിച്ചർ യൂണിറ്റിൽ മാനേജരും നാല് സ്ത്രീ തൊഴിലാളികളും അടക്കം പത്ത് പേരാണ് ജോലി ചെയ്യുന്നത്. ഫർണ്ണിച്ചർ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചെങ്കിലും തൊഴിലാളികൾ എല്ലാ ദിവസവും ജോലിക്കെത്തുന്നുണ്ട്. താൽക്കാലിക ജിവനക്കാരാണ് എല്ലാവരും. ഫർണ്ണിച്ചർ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മുമ്പ് ധാന്യ സംസ്കരണ കേന്ദ്രമാണ് പ്രവർത്തിച്ചിരുന്നത്. ഈ സ്ഥാപനം മറ്റൊരു സ്ഥലത്ത് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും തുടങ്ങിയില്ല. സംസ്കരണ കേന്ദ്രത്തിലുണ്ടായിരുന്ന ലക്ഷങ്ങൾ വിലവരുന്ന യന്ത്ര ഉപകരണങ്ങൾ മാറ്റിയെങ്കിലും എവിടേക്കാണ് മാറ്റിയതെന്ന് അറിയില്ലെന്ന് നാട്ടുകാർ പറയുന്നു.