ബ്ളോക്ക് - ഗ്രാമ പഞ്ചായത്തുകളിൽ മത്സരിക്കാൻ ജ്യേഷ്ഠനും പെങ്ങളും
പാറശാല: ബ്ലോക്ക് പഞ്ചായത്തിലേക്കും ഗ്രാമ പഞ്ചായത്തിലേക്കും ഒരേ ചേരിയിൽ നിന്ന് പോരാടുന്ന സഹോദരങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമാകുന്നുണ്ട്. പാറശാല ബ്ലോക്ക് പഞ്ചായത്തിലെ കുളത്തൂർ ബ്ലോക്ക് ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന ജി. സുരേഷ് തമ്പിയും കുളത്തൂർ പഞ്ചായത്തിലേക്ക് കുളത്തൂർ എച്ച്.എസ് വാർഡിൽ മത്സരിക്കുന്ന സഹോദരി വി. രാജിയുമാണ് നാട്ടുകാർക്ക് കൗതുകമായ ബി.ജെ.പി സ്ഥാനാർത്ഥികൾ. കുളത്തൂരിലെ കുടുംബ വീട്ടിൽ താമസിക്കുന്നതിനാൽ പ്രചാരണത്തിനും ഇവർ ഒറ്റക്കെട്ടാണ്.
ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം മുൻ പ്രസിഡന്റ് കൂടിയായ സുരേഷ് തമ്പി നിലവിൽ സംസ്ഥാന കൗൺസിൽ അംഗമാണ്. 43 വർഷങ്ങളായുള്ള പൊതുപ്രവർത്തനം കൈമുതലായുണ്ടെങ്കിലും ഇതാദ്യമായാണ് മത്സരരംഗത്ത് എത്തുന്നത്.
2010ൽ സ്വന്തം വാർഡായ കുളത്തൂർ എച്ച്.എസ്, 2015ൽ അരുവല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള പഞ്ചായത്തംഗമായിരുന്ന രാജിയുടെ പ്രവർത്തന മികവാണ് മൂന്നാമതും സ്ഥാനാർത്ഥിത്വം ലഭിക്കാൻ രാജിക്ക് തുണയായത്. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി കൂടിയായ രാജി കഴിഞ്ഞ തവണ 203 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.