മുട്ടിൽ: സീറ്റ് നിർണയത്തിന്റെ പേരിൽ കോൺഗ്രസിലെ ഗ്രൂപ്പു പോരാട്ടത്തിനൊടുവിൽ സ്ഥാനാർത്ഥിത്വം നേടുന്നതിൽ വിജയിച്ചയാളാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ. ഇനി മുട്ടിൽ ജില്ലാ ഡിവിഷനിൽ വിജയം നേടാനാകുമോ എന്നാണ് അറിയാനുള്ളത്. എൽ.ഡി.എഫിന്റെ ഘടകകക്ഷിയായ ഐ.എൻ.എല്ലിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായ മുഹമ്മദ് പഞ്ചാരയാണ് എതിർ സ്ഥാനാർത്ഥി. എൻ.ഡി.എയുടെ സ്ഥാനാർത്ഥി ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി.വി.നൂട്ടനാണ്.
കോൺഗ്രസിനും ലീഗിനും സ്വാധീമുള്ള പ്രദേശമാണ് മുട്ടിൽ. യു.ഡി.എഫ് എന്നും വിജയിച്ചിട്ടുള്ള ഡിവിഷൻ. ഒരു തവണ മാത്രമാണ് എൽ.ഡി.എഫിന് ഡിവിഷൻ പിടിച്ചെടുക്കാനായത്. കെ.കരുണാകരന്റെ നേതൃത്വത്തിൽ ഡി.ഐ.സി രൂപീകരിച്ച് ഇടതുമുന്നണിയുമായി സഹകരിച്ച 2005-ൽ മാത്രമാണ് ഇടതുമുന്നണി ഡിവിഷനിൽ വിജയിച്ചിട്ടുള്ളത്. സി.എം.സരസമ്മയാണ് അന്ന് വിജയിച്ചത്. ഇവർ തന്നെയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. ചരിത്രം മുട്ടിൽ, തൃക്കൈപ്പറ്റ, മടക്കിമല ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളും, മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 6 വാർഡുകളും കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ 3 വാർഡുകളും ഉൾപ്പെട്ടതാണ് മുട്ടിൽ ഡിവിഷൻ. മുട്ടിൽ, കോട്ടത്തറ, മേപ്പാടി പഞ്ചായത്തുകൾ ഭരിക്കുന്നത് എൽ.ഡി.എഫാണ്. മുട്ടിൽ മടക്കി ബ്ലോക്ക് ഡിവിഷനുകൾ യു.ഡി.എഫും, തൃക്കൈപ്പറ്റ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. യു.ഡി.എഫിലെ കെ.മിനിയാണ് കഴിഞ്ഞ തവണ ഇവിടെ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. യു.ഡി.എഫിന് വേരോട്ടമുള്ള ഇവിടെ മൽസരിക്കാൻ എ, ഐ വിഭാഗങ്ങളിലെ പല പ്രമുഖരും രംഗത്ത് വരുകയുണ്ടായി. ഒടുവിൽ കെ.പി.സി.സി നേതൃത്വം ഇടപെട്ടാണ് സംഷാദിനെ സ്ഥാനാർത്ഥിയാക്കിയത്. അവകാശവാദങ്ങൾ ഡിവിഷനിലെ വികസനവും തുടർ വികസനവും ഉയർത്തിയാണ് സംഷാദ് വോട്ടർമാരെ കാണുന്നത്. മുഹമ്മദ് പഞ്ചാര സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടവും ഡിവിഷനിലെ മൂന്ന് ഗ്രാമ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടുന്നു. ഇരു മുന്നണികൾക്കെതിരായ ആരോപണവും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് നൂട്ടന്റെ പ്രചാരണം. സ്ഥാനാർത്ഥികൾ രണ്ടാം റൗണ്ട് പര്യടനം പൂർത്തീകരിച്ചുകഴിഞ്ഞതോടെ എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സംഷാദ് മരക്കാർ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായ സംഷാദ് മരക്കാർ പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. ദേശീയ പാതയിലെ രാത്രികാല ഗതാഗത നിരോധനത്തിനെതിരെയും റോഡ് അടയ്ക്കുന്നതിനെതിരെയും നടന്ന സമരങ്ങളിൽ പങ്കെടുത്തു. ഏറ്റവും മെച്ചപ്പെട്ട ചികിൽസയും കാരാപ്പുഴ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികളും ആവിഷ്ക്കരിക്കുമെന്ന് സംഷാദ് പറയുന്നു. മുഹമ്മദ് പഞ്ചാര ഐ.എൻ.എല്ലിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായ മുഹമ്മദ് പഞ്ചാര നേരത്തെ യൂത്ത് ലീഗിന്റെ മണ്ഡലം കമ്മറ്റി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മുസ്ലീം സർവ്വീസ് സൊസൈറ്റി ജില്ലാ എക്സിക്യൂട്ടിവ് അംഗം, പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിക്കുന്നു. സാധാരണക്കാർക്ക് ആവശ്യമായ വികസന പദ്ധതികൾ ബ്ലോക്ക് ,ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് വിജയിച്ചു വരുന്നവരുമായി ചർച്ച നടത്തി നടപ്പിലാക്കും. പി.വി.ന്യൂട്ടൻ ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റാണ് പി.വി.ന്യൂട്ടൻ. കുടിവെള്ള പദ്ധതികൾ, ഗോത്ര വിഭാഗങ്ങൾക്കുള്ള വീടുകൾ എന്നിവ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് അദ്ദേഹം പറയുന്നു.