തിരുവനന്തപുരം: വെൽഫെയർ പാർട്ടിയടക്കം മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി ധാരണയില്ലെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ വാദം പരോക്ഷമായി തള്ളി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. അഴിമതിക്കും ദുർഭരണത്തിനും ഫാസിസത്തിനുമെതിരെ പോരാടുന്ന സന്നദ്ധസംഘടനകളുമായും സാമൂഹ്യ, രാഷ്ട്രീയ ശക്തികളുമായും പ്രാദേശിക നീക്കുപോക്കുകൾക്ക് യു.ഡി.എഫ് തീരുമാനിച്ചതാണെന്ന് ജില്ലാ പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ഹസ്സൻ വ്യക്തമാക്കി.
മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിദ്ധ്യത്തിൽ എറണാകുളത്ത് ചേർന്ന യോഗത്തിലാണ് ആ തീരുമാനമെടുത്തത്. വെൽഫെയർ പാർട്ടി അതിലുൾപ്പെടുമോയെന്ന ചോദ്യത്തിന്, സ്വാഭാവികമായും ധീവരസഭയും വെൽഫെയർപാർട്ടിയുമെല്ലാം ഉൾപ്പെടുമെന്നായിരുന്നു മറുപടി.
മതേതര കാഴ്ചപ്പാടോടെയാണ് വെൽഫെയർ പാർട്ടി പ്രവർത്തിക്കുന്നത്. സി.പി.എം ഇവരുമായി ധാരണയുണ്ടാക്കിയ ഘട്ടത്തിലൊന്നും വർഗീയ പാർട്ടിയാണെന്ന് അവർക്ക് തോന്നിയിട്ടില്ല. 'തൈലാദി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാലത് ശുദ്ധമാകു'മെന്ന് ഇ.എം.എസ് പറയാറുണ്ട്. അതുപോലെ ഏത് വർഗീയ പാർട്ടിയെയും പിണറായി തൊട്ടാൽ അത് മതേതരമാകുമെന്നാണ് സ്ഥിതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിനിറങ്ങിയപ്പോഴും അവർ മതേതരത്വ നിലപാടുകാരാണെന്ന് അംഗീകരിച്ചതാണ്.
സംസ്ഥാനതലത്തിൽ സഖ്യമോ മുന്നണി ധാരണയോ ആരുമായുമില്ല. പ്രാദേശിക നീക്കുപോക്കുകളാകാമെന്നാണ് ജില്ലാ കമ്മിറ്റികളോട് നിർദ്ദേശിച്ചത്. വികസനത്തിന് വോട്ട് തേടുന്ന എൽ.ഡി.എഫിനെ അഴിമതി തുറന്നുകാട്ടി നേരിടും. വികസന വിളംബരം നടത്തുന്ന എൽ.ഡി.എഫിനെതിരെ കുറ്റവിചാരണ സദസ്സ് നടത്തും.
പഞ്ചായത്തിരാജ് അട്ടിമറിച്ച് അഴിമതി- കമ്മിഷൻ രാജ് നടപ്പാക്കിയ സർക്കാരാണിത്. തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് രൂപീകരിച്ച നാല് മിഷനുകളിലും അഴിമതിയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഈ മിഷനുകളെല്ലാം പിരിച്ചുവിട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരവും ഫണ്ടും തിരിച്ചുനൽകും.
പൊലീസ് നിയമഭേദഗതി ദുരുദ്ദേശ്യത്തോടെ കൊണ്ടുവന്നതാണ്. മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നിയമം മനസിലാക്കാൻ കഴിവില്ലാത്തവരാണോ മുഖ്യമന്ത്രിയും മന്ത്രിമാരും. വിജയരാഘവന് മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ടിവന്നത് പറയാൻ വിധിക്കപ്പെട്ടവനായതിനാലാണ്. വിളിച്ചുവരുത്തിയ അന്വേഷണ ഏജൻസികൾ അഴിമതി കണ്ടെത്തിയപ്പോൾ മുഖ്യമന്ത്രി അവരെ അടച്ചാക്ഷേപിക്കുന്നു. സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങിയപ്പോഴാണ് മുഖ്യമന്ത്രിയുടെ സ്വരം എതിരായതെന്നും ഹസ്സൻ പറഞ്ഞു.