കൊയിലാണ്ടി: തിരഞ്ഞെടുപ്പിന് ചൂടുപിടിച്ചതോടെ കൊയിലാണ്ടി നഗരസഭയിൽ എല്ലാ കണ്ണുകളും 27-ാം വാർഡായ വരകുന്നിലേക്കാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ കെ.ഷിജുവിന് എതിരാളിയായി എത്തിയിരിക്കുന്നത് സി.പി.എം അനുഭാവിയും 2010- 2015 ൽ ഇതേ വാർഡ് കൗൺസിലറുമായ എൻ.വി.രവിയാണ് . കഴിഞ്ഞ കൗൺസിൽ കാലയളവിൽ എൻ.വി. രവി വാർഡ് വികസനസമിതി കൺവീനറായിരുന്നു. സി.പി.എമ്മിന് അനഭിമതനായ സി.പി.എം മുൻ ഏരിയാ സെക്രട്ടറി എൻ.വി. ബാലകൃഷ്ണന്റെ സഹോദരനാണ് എൻ.വി. രവി. ബാലകൃഷ്ണനും ഭാര്യ കെ.ശാന്തയും വാർഡിലെ വോട്ടർമാരാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി ബാലകൃഷ്ണനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു. സോഷ്യൽ മീഡിയകളിൽ ബാലകൃഷ്ണൻ പാർട്ടി നയങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. നഗരസഭ മുൻ ചെയർപേഴ്ണായിരുന്ന ബാലകൃഷ്ണന്റെ ഭാര്യ കെ.ശാന്തയാകട്ടെ പാർട്ടിയെ മുൾമുനയിൽ നിർത്തി ദീർഘകാലം മുനിസിപ്പാലിറ്റി ഭരണത്തിൽ നിന്ന് അകന്ന് നിന്നിരുന്നു. ഒരു ഭാഗത്ത് പാർട്ടിയും മറുപക്ഷത്ത് വിമതരും എന്ന നിലയിലാണ് വാർഡിൽ മത്സരം ചൂടുപിടിക്കുന്നത്. വിമത നീക്കം മുൻകൂട്ടി കണ്ടാണ് സി.പി.എം പ്രവർത്തനം ഏകോപിപ്പിക്കുന്നത്. കൊയിലാണ്ടി എം.എൽ.എ കെ.ദാസനാണ് തിരഞ്ഞെടുപ്പ് ചുമതല. സി.പി.എമ്മിലെ തമ്മിലടി മുതലാക്കാനാണ് യു.ഡി.എഫ് ശ്രമം. കോൺഗ്രസിലെ ആലിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പിയാകട്ടെ മുഴുവൻ വോട്ടുകളും സമാഹരിച്ച് കരുത്ത് തെളിയിക്കാനും രംഗത്തുണ്ട്.