തിരുവനന്തപുരം : നെയ്യാർഡാം പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. ഗോപകുമാറിനു ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിശദമായി അന്വേഷിക്കാൻ നെയ്യാറ്റിൻകര ഡിവൈ.എസ്. പിയെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം ആദ്യ റിപ്പോർട്ട് സമർപ്പിക്കണമെന്നും മൂന്നു മാസത്തിനകം അന്വേഷണ നടപടി പൂർത്തിയാക്കണമെന്നും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
മൂത്തമകളെ കാണാനില്ലെന്ന പരാതിയുമായി എത്തിയ വ്യക്തിയോടും മകളോടുമുള്ള മോശമായ സംസാരവും പെരുമാറ്റവും ന്യായീകരിക്കാൻ കഴിയില്ലെന്നും സേനയ്ക്കാകെ കളങ്കമുണ്ടാക്കിയെന്നും ഡി.ഐ.ജി സംസ്ഥാന പൊലീസ് മേധാവിക്കു സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എ.എസ്.ഐ കയർത്തു സംസാരിക്കുന്നതും മോശമായി പെരുമാറുന്നതും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഗോപകുമാറിനെ കുട്ടിക്കാനത്തെ സായുധ പൊലീസ് ക്യാമ്പിലേക്ക് മാറ്റുകയും അന്വേഷണത്തിന് ഡി.ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ചുമതലയിൽ പെടാത്ത കാര്യമായിരുന്നിട്ടും പരാതിക്കാരനോട് തട്ടിക്കയറിയെന്നും ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കാതിരുന്നത് ചട്ടവിരുദ്ധമാണെന്നും ഡി.ഐ.ജിയുടെ റിപ്പോർട്ടിലുണ്ട്.
കേസന്വേഷണത്തിന്റെ ഭാഗമായി പുറത്തുപോകേണ്ടി വന്നതിനാലാണ് യൂണിഫോം ധരിക്കാതിരുന്നതെന്നാണ് ഗോപകുമാറിന്റെ വാദം. കുട്ടികളുടെ മൊഴിയെടുക്കാൻ പോകുമ്പോൾ മാത്രമേ മഫ്തിയിൽ പോകാൻ അനുവാദമുള്ളൂ. അത്തരമൊരു പരാതി അന്വേഷിക്കാനല്ല ഗോപകുമാർ പുറത്തുപോയതെന്ന് റിപ്പോർട്ടിൽ പറയുന്നു.