മാവേലിക്കര: സുഹൃത്തിന്റെ 15 കാരിയായ മകൾക്ക് അശ്ലീല വീഡിയോ അയച്ച സംഭവത്തിൽ മദ്ധ്യവയസ്കൻ അറസ്റ്റിലായി. മാവേലിക്കര പോനകം മുല്ലശ്ശേരിൽ ജയരാജ് (ബാബു-57) ആണ് അറസ്റ്റിലായത്. ഓൺലൈൻ പഠനത്തിനായി പിതാവിന്റെ മൊബൈലാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്. നവംബർ 1 മുതലാണ് ജയരാജ് പെൺകുട്ടിക്ക് മൊബൈൽ സന്ദേശങ്ങൾ അയച്ചു തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സന്ദേശങ്ങളിൽ സംശയം തോന്നിയ പെൺകുട്ടി വിഷയം മാതാപിതാക്കളുടെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് വീട്ടുകാർ ജയരാജിന്റെ ഇടപെടലുകൾ ശ്രദ്ധിച്ചു. രണ്ടു ദിവസം മുമ്പ് ഒരു വീഡിയോയുടെ ലിങ്ക് അയച്ചുതരട്ടേ എന്ന് ഇയാൾ പെൺകുട്ടിയോട് മൊബൈലിലൂടെ ചോദിച്ചു. വീട്ടുകാർ സന്ദേശങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയാതെ ജയരാജ് അശ്ലീല വീഡിയോ പെൺകുട്ടിക്ക് അയക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് കുറത്തികാട് പൊലീസ് കേസെടുത്ത് ജയരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.