തിരുവനന്തപുരം: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിൽ ഉപയോഗിക്കാൻ മെട്രോ ട്രെയിനുകളിലേതുപോലെ പ്രീ പെയ്ഡ് കാർഡുകൾ വരുന്നു.
മെഷീനിലെ സെൻസറിനു മുകളിൽ കാണിച്ചു കടന്നുപോകാവുന്ന കാർഡുകളാണിത്. ഇതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ടെൻഡർ ക്ഷണിച്ചു. 50 രൂപ വില വരുന്ന കാർഡ് റീചാർജ് ചെയ്യാം.
നിലവിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ ബൂത്തുകളിൽ പണം കൊടുത്തു കടന്നുപോകാൻ ഒരു ലൈൻ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇതുകാരണം പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നു. ടാഗില്ലാത്ത വാഹനങ്ങൾ ഫാസ്ടാഗ് ലൈനിലേക്കു കയറുന്നത് തർക്കങ്ങൾക്കും ഇടയാക്കാറുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70% വാഹനങ്ങളിലും ഫാസ്ടാഗ് സ്റ്റിക്കറുകൾ പതിച്ചുകഴിഞ്ഞു. ജനുവരി മുതൽ ഫാസ്ടാഗ് നിർബന്ധമാണ്.
ഇനി വാഹനങ്ങൾക്കും
നോമിനിയെ ചേർക്കാം
തിരുവനന്തപുരം: വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഉടമയുടെ പേരിനൊപ്പം നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരുത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാം.മോട്ടർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളിലാണു ഭേദഗതി വരുത്തുന്നത്.
ഉടമ മരിച്ചാൽ മരണ സർട്ടിഫിക്കറ്റ് വകുപ്പിന്റെ സൈറ്റിൽ അപ്ലോഡ് ചെയ്താൽ പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. നിലവിൽ വാഹനയുടമ മരിച്ചാൽ അവകാശി അതു തെളിയിക്കാൻ നിരവധി സർട്ടിഫിക്കറ്റുകളും സമ്മതപത്രവും നൽകണം. നിയമഭേദഗതി സംബന്ധിച്ചുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം director-morth@gov.in എന്ന വിലാസത്തിൽ ഇ–മെയിൽ ചെയ്യാം
വിന്റേജ് വാഹനങ്ങൾക്ക്
പ്രത്യേക രജിസ്ട്രേഷൻ
തിരുവനന്തപുരം: രാജ്യത്തെ വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തിവിജ്ഞാപനമായി. 50 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക.
ഇത്തരം വാഹനങ്ങൾക്ക് റജിസ്ട്രേഷന് സംസ്ഥാന സർക്കാരുകൾ നോഡൽ ഓഫീസറെയും പരിശോധനാ കമ്മിറ്റിയെയും നിയോഗിക്കണം. ഈ കമ്മിറ്റിയാണ് വാഹനം വിന്റേജ് വിഭാഗത്തിൽപെടുമോ എന്നു നിർണയിക്കുക. രജിസ്ട്രേഷൻ നമ്പറിൽ V A എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേർക്കും. ആദ്യ രജിസ്ട്രേഷന് 20,000 രൂപ. 10 വർഷം കാലാവധി. പുനർ രജിസ്ട്രേഷന് 5000 രൂപ.
വിന്റേജ് വാഹനങ്ങൾ പ്രദർശന, ഗവേഷണാവശ്യങ്ങൾക്കും കാർ റാലി പോലുള്ള നിശ്ചിത ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂ.