21 വയസ് തികഞ്ഞതിന്റെ പിറ്റേന്നാണ് രേഷ്മ മറിയം റോയി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയത്. അതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെന്ന കൗതുകവും തേടിയെത്തി. എന്നാൽ പ്രായക്കുറവ് തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ഒരു ഘടകമായി കാണുന്നില്ലെന്ന് പറയുകയാണ് രേഷ്മ. ''പ്രായം കുറഞ്ഞയാൾ എന്ന കൗതുക സ്ഥാനാർത്ഥിയായി എന്നെ കാണേണ്ട. നാടിന്റെ പ്രശ്നങ്ങളാണ് എനിക്ക് വലുത്. ""പതിനഞ്ച് വർഷമായി യു.ഡി.എഫ് കൈയടക്കി വച്ചിരിക്കുന്ന വാർഡ് തിരിച്ചു പിടിക്കാൻ ഇതിലും പറ്റിയൊരു സ്ഥാനാർത്ഥിയില്ലെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. സ്കൂളിലും കോളേജിലും എസ്.എഫ്.െഎയുടെ തീപ്പൊരി പ്രാസംഗികയായിരുന്നു. കോന്നി വി.എൻ.എസ് കോളേജിൽ എസ്.എഫ്. െഎ പാനലിൽ വിജയിച്ചു. ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. പഠനം പൂർത്തിയായപ്പോൾ ഡി.വൈ.എഫ്.െഎയിൽ. ജില്ലാ കമ്മറ്റിയംഗവും സെക്രട്ടേറിയറ്റംഗവും ഒക്കെയായി പൊതു രംഗത്ത് സജീവമായി.. അരുവാപ്പുലം തുണ്ടിയംകുളം വീട്ടിൽ റോയി ടി. മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ്.