നീരീക്ഷണം കർശനമാക്കാൻ നിർദേശം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പണം വാരിയെറിഞ്ഞ് വോട്ടു പിടിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തടയിടും. ഒരോ സ്ഥാനാർത്ഥിയുടെയും തിരഞ്ഞെടുപ്പ് ചെലവുരീതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ തിരഞ്ഞെടുപ്പ് നിരീക്ഷകർക്ക് നിർദേശം നൽകി. അനുവദിച്ചതിലും പതിന്മടങ്ങ് പണം ചെലവഴിച്ചാണ് പ്രചാരണമെന്ന് കഴിഞ്ഞ ദിവസം 'സ്ഥാനാർത്ഥി ചെലവ് 'അൺ കൺട്രോളബിൾ" എന്ന തലക്കെട്ടിൽ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.
നീരീക്ഷണത്തിന് ജില്ലാ തലത്തിൽ നേതൃത്വം നൽകാൻ 14 ഉദ്യോഗസ്ഥരും ചെലവ് കാര്യങ്ങൾ മാത്രം നിരീക്ഷിക്കാൻ അവരുടെ കീഴിൽ 60 ഉദ്യോഗസ്ഥരും സംസ്ഥാനത്തുണ്ട്. ഇവർക്കാണ് കമ്മിഷണർ നിർദേശം നൽകിയത്. ഇതിനു പുറമെ ജില്ലാ കളക്ടർമാരുടെ കീഴിലെ സ്ക്വാഡും ചെലവ് നിരീക്ഷിക്കും.
ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി പരമാവധി ചെലവഴിക്കേണ്ട തുക 25,000 രൂപയാണ്. പക്ഷെ, രണ്ടു മുതൽ രണ്ടര ലക്ഷം വരെ ചെലവഴിക്കുന്നുണ്ട്. ഒന്നര ലക്ഷമാണ് കോർപ്പറേഷൻ വാർഡ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥികൾ ചെലവഴിക്കേണ്ടത്. യഥാർത്ഥ കണക്ക് പത്ത് ലക്ഷം കവിയും. മുനിസിപ്പാലിറ്റി വാർഡിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും സ്ഥാനാർത്ഥി ചെലവ് 75,000 രൂപയിൽ നിറുത്തണം. അവിടങ്ങളിൽ എഴു ലക്ഷം രൂപ വരെ പോകും.