കൊല്ലം: ബ്ലോക്ക് പഞ്ചായത്തുകളിൽ അധികാരം ഉറപ്പിക്കാൻ മൂന്ന് മുന്നണികളും കൂടുതൽ കരുത്തോടെ വോട്ടർമാരെ സമീപിക്കുകയാണ്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും 2015ൽ വൻ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി അധികാരം നേടിയത്. ഭരണം തിരിച്ചുപിടിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലാണ് യു.ഡി.എഫ് ക്യാമ്പുകൾ.
രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണത്തിലെത്തുമെന്നും മറ്റ് ഒൻപതിടത്തും അക്കൗണ്ട് തുറക്കുമെന്നുമാണ് എൻ.ഡി.എ ക്യാമ്പ് തിരഞ്ഞെടുപ്പിലേക്ക് കടക്കും മുമ്പ് തന്നെ പ്രകടിപ്പിച്ച ആത്മവിശ്വാസം. മുൻ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കൂടുതൽ ഗൗരവമായി കാണാൻ കോൺഗ്രസും യു.ഡി.എഫ് ഘടക കക്ഷികളും തയ്യാറായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാർ തുടങ്ങി ജില്ലാ - താലൂക്ക് നേതൃത്വങ്ങളിലെ പ്രമുഖരെ മത്സരത്തിനിറക്കിയത് ഗൗരവത്തോടെ തിരഞ്ഞെടുപ്പിനെ കാണുന്നുവെന്നതിന്റെ സൂചനയാണ്.
അനുകൂലമായ സാഹചര്യം പൂർണമായി പ്രയോജനപ്പെടുത്തണമെന്ന വികാരമാണ് എൻ.ഡി.എ ക്യാമ്പിലും. ബി.ജെ.പിയുടെ സജീവ നേതൃനിരയിലെ പ്രമുഖരും യുവമോർച്ച നേതാക്കളും വിവിധ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർത്ഥികളാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് നിലയിലുണ്ടായ വർദ്ധനവ് അവരുടെ ക്യാമ്പുകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.
ഒരിടത്ത് പോലും അധികാരം നഷ്ടമാകരുതെന്നാണ് എൽ.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സി.പി.എമ്മും സി.പി.ഐയും കൂടുതൽ ശക്തമായ സഹകരണത്തോടെയാണ് താഴെ തട്ടിൽ നീങ്ങുന്നത്. എല്ലായിടത്തും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ സി.പി.ഐയ്ക്ക് കൂടി ലഭിക്കുമെന്നതിനാൽ സി.പി.ഐ പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സി.പി.എം പ്രവർത്തകർക്കൊപ്പമുണ്ട്. 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 152 സീറ്റുകളാണ് ജില്ലയിലുള്ളത്.
പ്രസിഡന്റിന് വാഹനം, ഉയർന്ന പദവി
ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്മാരെ പോലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും സഞ്ചരിക്കാൻ ഔദ്യോഗിക വാഹനമുണ്ട്. ഏതാണ്ടെല്ലാ ബ്ലോക്ക് പഞ്ചായത്തുകളും നല്ല സൗകര്യവും വിലയുമുള്ള കാറുകളാണ് അവരുടെ പ്രസിഡന്റുമാർക്ക് നൽകിയിട്ടുള്ളത്. ഒരു നിയമസഭാ മണ്ഡലത്തോളം വലിപ്പമുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റിന് സർക്കാർ - പൊതു മണ്ഡലങ്ങളിൽ ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്. വികസന വിഷയങ്ങളിലും ജനങ്ങളുടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്താനും ബ്ലോക്ക് പഞ്ചായത്തുകൾക്ക് കഴിയുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകൾ: 11
സീറ്റുകൾ: 152
ബ്ലോക്ക് പഞ്ചായത്തുകൾ, ബ്രായ്ക്കറ്റിൽ സീറ്റുകളുടെ എണ്ണം
ഓച്ചിറ (14)
ശാസ്താംകോട്ട (14)
വെട്ടിക്കവല (14)
പത്തനാപുരം (13)
ചടയമംഗലം (15)
അഞ്ചൽ (15)
കൊട്ടാരക്കര (13)
ചിറ്റുമല (13)
ചവറ (13)
മുഖത്തല (15)
ഇത്തിക്കര (13)