രാത്രി കാല അപകടങ്ങൾ വർദ്ധിക്കുന്നു
കൊല്ലം: രാത്രികാല വാഹന പരിശോധനയുടെയും മോട്ടോർ വാഹന വകുപ്പിന് കീഴിലെ ജി.പി.എസ് ഉപകരണ നിരീക്ഷണ സംവിധാനങ്ങളുടെയും അപാകതകൾ ദേശീയപാതയെ ചോരയിൽ മുക്കുന്നു. എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ രാത്രികാല പരിശോധന കാര്യക്ഷമമല്ലാത്തതാണ് മുഖ്യകാരണം.
കൃഷ്ണപുരം മുതൽ കടമ്പാട്ടുകോണം വരെയുള്ള മിക്ക ഭാഗങ്ങളിലും വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. കാവനാട്, മേവറം ബൈപ്പാസിൽ മാത്രമാണ് വെളിച്ചമുള്ളത്. രാത്രി പത്തിന് ശേഷം വാഹനങ്ങളുടെ തിരക്ക് കുറയുന്നതോടെ ചരക്ക് വാഹനങ്ങളും ദീർഘദൂര യാത്രക്കാരും അമിത വേഗത്തിലാണ് സവാരി.
പാചകവാതകം കൊണ്ടുപോകുന്നതിനുള്ള ബുള്ളറ്ര് ടാങ്കറുകൾ, ചരക്ക് ലോറികൾ, കണ്ടെയ്നറുകൾ, ട്രെയിലറുകൾ എന്നിവയും നേരം പുലരും വരെ ദേശീയപാതയിലൂടെ ചീറിപ്പായുകയാണ്. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും നിരീക്ഷിക്കാൻ ഹൈവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ഇന്റർസെപ്ടറുകൾ എന്നിവയുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനം കാര്യക്ഷമമാണെന്നാണ് വാദം.
എന്നാൽ ഫലപ്രദമല്ലെന്നതിന്റെ തെളിവാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും കരുനാഗപ്പള്ളിയിലും ചവറയിലുമായി കിലോമീറ്ററുകളുടെ വ്യത്യാസത്തിലുണ്ടായ അപകടങ്ങൾ. ചവറയിൽ നീളം കൂടിയ ട്രെയിലറാണ് അപകടത്തിൽപ്പെട്ടത്. കരുനാഗപ്പള്ളിയിൽ ഡിവൈഡർ മറികടന്ന് റോഡിന്റെ എതിർവശത്തെത്തിയ കണ്ടെയ്നർ ലോറി പത്രവിതരണക്കാരന്റെ ജീവനെടുത്തശേഷമാണ് നിന്നത്. അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മണിക്കൂറുകളെടുത്തതിനൊപ്പം റോഡിന് കുറുകെ കിടന്നതിനാൽ ഗതാഗത തടസവും ഉണ്ടായി. രണ്ടിടത്തും വാഹനങ്ങളുടെ അമിതവേഗമാണ് അപകടത്തിന് കാരണം.
ക്രെയിനില്ലാതെ ഫയർഫോഴ്സ്
പുത്തൻതെരുവ്, ചാത്തന്നൂർ ഗ്യാസ് ടാങ്കർ അപകടങ്ങളുൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങൾക്കും തീരാനഷ്ടങ്ങൾക്കും ഇടയായിട്ടുള്ള ജില്ലയിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ഉയർത്താനോ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനോ ഫയർഫോഴ്സിന് ഇനിയും ക്രെയിൻ സംവിധാനമില്ല.
ദുരന്ത നിവാരണത്തിന് കേന്ദ്രത്തിൽ നിന്നുൾപ്പെടെ വർഷം തോറും കോടികൾ അനുവദിക്കാറുണ്ടെങ്കിലും ഇവ ബോധവത്കരണ പ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ദുരന്ത നിവാരണ സേനയായ ഫയർഫോഴ്സിന് റോപ്പുപോലും ഇതിൽ നിന്ന് വാങ്ങി നൽകാറില്ല.
അപകടവഴിയിലേക്ക്...
1. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നുണ്ടെങ്കിലും തുടർ പ്രവർത്തനങ്ങളില്ല
2. വാഹനങ്ങളുടെ സഞ്ചാരമോ നിയമലംഘനങ്ങളോ നിരീക്ഷിക്കുന്നില്ല
3. രാത്രികാല പരിശോധനകൾക്ക് പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ തയ്യാറല്ല
4. 15 ടൺ വീതം ഉയർത്താൻ ശേഷിയുള്ള മൂന്ന് ക്രെയിനുകൾ വേണം
5. അടിയന്തര രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സിന് ഇവ അത്യാവശ്യം
''
വാഹനങ്ങൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ സ്വകാര്യ ക്രെയിനുകളെയാണ് ആശ്രയിക്കുന്നത്.
ഫയർഫോഴ്സ്