തിരുവനന്തപുരം: കൊട്ടിക്കയറിയ തിരഞ്ഞെടുപ്പ് പൂരം ഉച്ചസ്ഥായിയിലെത്താൻ ഇനി പത്തുനാൾകൂടി. ഉച്ചവെയിലിനെക്കാൾ കടുത്ത തിരഞ്ഞെടുപ്പ് ചൂടിൽ പലേടങ്ങളിലും അണികളും നേതാക്കളും ക്ഷീണിക്കുകയാണിപ്പോൾ.ആദ്യ ഘട്ടങ്ങളിലെ ആലസ്യം മാറ്റിവച്ച് മൂന്ന് മുന്നണികളും രംഗത്ത് സജീവമായതോടെ വരും ദിവസങ്ങളിൽ മത്സരം കടുക്കും. മത്സരരംഗം തെളിഞ്ഞതോടെ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിൽ പൊടിപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലേക്കും മത്സരം കടുത്തുതുടങ്ങി. മുന്നണി സ്ഥാനാർത്ഥികൾ ഓരോരുത്തരും അതത് മേഖലകളിൽ അംഗീകാരമുള്ളവരായതിനാൽ വിജയം ആർക്കാവുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല.
കഴിഞ്ഞ തവണ ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിൽ 49 എൽ.ഡി.എഫിനും 21 യു.ഡി.എഫിനും മൂന്നെണ്ണം ബി.ജെ.പി.ക്കുമാണ് ലഭിച്ചത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരെണ്ണം യു.ഡി.എഫും ബാക്കിയെല്ലാം എൽ.ഡി.എഫുമായിരുന്നു.കോർപറേഷന്റെയും നാല് മുനിസിപ്പാലിറ്റികളുടെയും ഭരണവും എൽ.ഡി.എഫിനായിരുന്നു. ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയം കലുഷിതമാണ്.
എന്നാൽ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിയ വിവിധങ്ങളായ വികസന പരിപാടികൾ അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എൽ.ഡി.എഫ് നേതൃത്വം കരുതുന്നത്. ത്രിതല പഞ്ചായത്തുകളിലെയും മറ്റു തദ്ദേശ സ്ഥാപനങ്ങളിലെയും ഇടതു സ്ഥാനാർത്ഥികളുടെ അഭ്യർത്ഥന നോട്ടീസിൽ സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ വിവരിച്ചിട്ടുണ്ട്.വീടുകളിൽ പ്രചാരണത്തിന് എത്തുന്ന മുന്നണി പ്രവർത്തകർ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുമ്പോൾ തന്നെ വിശദീകരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെകുറിച്ചാണ്.
എന്നാൽ സംസ്ഥാന രാഷ്ട്രീയ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് സ്വർണക്കടത്തും മയക്കുമരുന്നുകേസുമടക്കം ചൂണ്ടിക്കാട്ടി വോട്ട് നേടാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. മോദി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും കൊവിഡ് കാലത്ത് റേഷൻകട വഴി അനുവദിച്ച സൗജന്യ അരിയുമടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ വികസനവും രാഷ്ട്രീയവുമാണ് ഏറെ ചർച്ചചെയ്യപ്പെടുന്നത് എന്നതിനാൽ ജില്ലാ ഡിവിഷനുകളിലെ വിജയം മൂന്ന് മുന്നണികൾക്കും പ്രധാനപ്പെട്ടതാണ്.