ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി ഇരുപത്തഞ്ച് ലക്ഷം കടന്നു. 5,69,936 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,25,50,616 ആയി ഉയർന്നു.മരണസംഖ്യയും കുത്തനെ ഉയരുകയാണ്.14,57,429 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി മുപ്പത്തിയൊന്ന് ലക്ഷം പിന്നിട്ടു. അമേരിക്ക,ഇന്ത്യ,ബ്രസീൽ,ഫ്രാൻസ്,റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.
അമേരിക്കയിൽ 1,41,712 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,36,08,696 ആയി ഉയർന്നു. 2,72,254 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എൺപത് ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തോടടുത്തു. മരണം 1.36 ലക്ഷവും കടന്നു. കഴിഞ്ഞദിവസം 41,322 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ 69 ശതമാനവും മഹാരാഷ്ട്ര, ഡൽഹി, കേരളം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 4,54,940 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 4.87 ശതമാനമാണിത്. രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 87.59 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 93.68 ശതമാനമാണ്.
ബ്രസീലിൽ അറുപത്തിരണ്ട് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.1,72,561 പേർ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം അമ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. ഫ്രാൻസിലും റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.ഇരു രാജ്യങ്ങളിലും ഇരുപത്തിരണ്ട് ലക്ഷത്തിലധികം രോഗബാധിതരാണ് ഉള്ളത്.