തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ ക്രമക്കേടിനെതിരായ വിജിലൻസ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് വിമർശനം ഉന്നയിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നതിന്റെ തെളിവാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന സംസ്ഥാന വിജിലൻസിനെ ധനമന്ത്രിക്ക് വിശ്വാസമില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കേസരി മെമ്മോറിയൽ ഹാളിൽ നടന്ന മീറ്റ് ദി പ്രസിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികൾ മാത്രമല്ല സംസ്ഥാന ഏജൻസികൾ വരെ പിണറായി സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുകയാണ്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും കെ.എസ്.എഫ് ഇ ചിട്ടിയിലും അഴിമതി നടന്നെന്ന് പറയുന്നത് വിജിലൻസാണ്. മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരന്റെ പേരിൽ കേസെടുത്തതും കെ.എസ്.എഫ്.ഇയിൽ റെയിഡ് നടത്തിയതും വിജിലൻസാണ്. ഇതോടെ കേന്ദ്രഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്ന സി.പി.എമ്മിന്റെ പ്രചരണം പാളിപോയതായും മുരളീധരൻ ചൂണ്ടിക്കാട്ടി.
നാലര വർഷം മിണ്ടാതിരുന്നിട്ട് ഇപ്പോൾ യു.ഡി.എഫ് നേതാക്കളുടെ അഴിമതിക്കെതിരെ കേസെടുക്കുകയാണ് സംസ്ഥാന സർക്കാർ. ഇതോടെ ഇടതുസർക്കാരിന്റെ അഴിമതികൾക്കൊപ്പം യു.ഡി.എഫിന്റെ പഴയ അഴിമതിയും ജനങ്ങൾക്ക് ഓർക്കുന്നതിന് അവസരമുണ്ടായിരിക്കുകയാണ്. രണ്ട് മുന്നണികളും ഒരേ പോലെ വിവസ്ത്രരായിരിക്കുകയാണ്. ഇവിടെയാണ് നരേന്ദ്രമോദി സർക്കാരിന്റെ നയപരിപാടികൾ ജനങ്ങൾക്ക് സ്വീകാര്യമാവുന്നത്. മോദി സർക്കാരിന്റെ ജനക്ഷേമപദ്ധതികളായ ജൻധൻ അക്കൗണ്ടും കിസാൻ സമ്മാൻ നിധിയും സൗജന്യറേഷൻ വിതരണവും ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി മാറി. പട്ടിണി മരണത്തിൽ നിന്നും കോടിക്കണക്കിന് ജനങ്ങളെ രക്ഷിക്കാൻ സൗജന്യ റേഷൻ വിതരണത്തിലൂടെ സാധിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി മുന്നണിയായി മത്സരിക്കുന്നുവെന്നത് ഇത്തവണ എൻ.ഡി.എയുടെ സാധ്യതകൾ വർദ്ധിപ്പിക്കും. എല്ലാ ജന വിഭാഗങ്ങളും ബി.ജെ.പിയോട് അടുക്കുന്നുവെന്നതാണ് പ്രത്യേകത. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നാഴിക കല്ലായിരിക്കും ഈ തിരഞ്ഞെടുപ്പ്. എൻ.ഡി.എയുടെ മുന്നേറ്റം ഉറപ്പായതോടെ എൽ.ഡി.എഫും യു.ഡി എഫും ബി.ജെ.പിയെ ലക്ഷ്യമിടുകയാണെന്നും വി.മുരളീധരൻ പറഞ്ഞു.
കർഷക സമരം രാജ്യവ്യാപകമായി നടക്കുന്നതല്ല. കർഷക ബില്ലിൽ എന്താണ് തകരാറ് എന്ന് ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിനോ സമരക്കാർക്കോ കഴിയുന്നില്ല. തെറ്റിദ്ധരിക്കപ്പെട്ടവരോ ഇടനിലക്കാരോ ആണ് സമരം ചെയ്യുന്നത്. പഞ്ചാബിൽ മാത്രമാണ് സമരമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.