ഇടുക്കി: ജില്ലയ്ക്കു വേണ്ടി ആദ്യം സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച 5000 കോടിയും പിന്നീട് നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ച 1000 കോടിയുമടക്കം 6000 കോടിയുടെ പാക്കേജ് എവിടെയെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. ഇതിന് മറുപടി പറഞ്ഞതിന് ശേഷം മാത്രം തിരഞ്ഞെടുപ്പ് പ്രചരണത്തിന് എൽ.ഡി.എഫ് നേതാക്കളും മന്ത്രി എം.എം. മണിയും ഇറങ്ങുന്നതാണ് ഉചിതം. ഇടുക്കിയിലെ കർഷകരെ അക്ഷരാർത്ഥത്തിൽ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയായിരുന്നു. നാണ്യവിളകളുടെ വിലത്തകർച്ച, പ്രളയ ദുരന്തങ്ങൾ കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയ പ്രയാസങ്ങളിൽ നടുങ്ങി നിന്ന കർഷകർക്കെതിരെ ജപ്തി നടപടികൾ എടുത്തതിന്റെ പേരിലാണ് പതിനഞ്ചോളം കർഷകർ ആത്മഹത്യ ചൈയ്തത്. 6000 കോടിയുടെ പാക്കേജ് യാഥാർത്ഥ്യമാണെങ്കിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ വായ്പകൾ എഴുതിതള്ളാൻ തുക മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ശതമാനം പിഴപ്പലിശ ഇളവു പോലും നൽകാത്ത സർക്കാർ നിലപാട് ധിക്കാരമാണെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇതിനെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.