തിരുവനന്തപുരം: സ്വകാര്യ ലാബുകൾക്കായി 'ഓസി'നു സ്ഥലം തേടി ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർ നടത്തിയ നീക്കം കെ.എസ്.ആർ.ടി.സിക്ക് വരുമാന വർദ്ധനവിനുള്ള വഴി തുറക്കുന്നു. തിരഞ്ഞെടുത്ത ബസ് സ്റ്റേഷനുകളിൽ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ തുറക്കാൻ ഗതാഗത വകുപ്പ് അലോചിക്കുകയാണ്.
ഇതിനായി അനുവാദമുള്ള സ്വകാര്യ ലാബുകളിൽ നിന്ന് ടെൻഡർ ക്ഷണിക്കും. ഏറ്റവും മികച്ച തുകയ്ക്ക് ടെൻഡർ ഉറപ്പിക്കും. ബസിൽ ഷോപ്പ് തുറന്ന മാതൃകയിൽ പരിശോധനാ കേന്ദ്രങ്ങളും തുറക്കും.
ശബരിമല തീർത്ഥാടകർ കടന്നുപോകുന്ന ഡിപ്പോകളിലാണ് പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കുക. തീർത്ഥാടകരല്ലാത്തവർക്കും പരിശോധിക്കാം. ശബരിമല തീർത്ഥാടനത്തിന് കൂടുതൽ ഭക്തരെ അനുവദിക്കണമെന്ന ദേവസ്വംബോർഡിന്റെ ആവശ്യത്തിന് ഇന്ന് സർക്കാരിന്റെ അനുവാദം ലഭിച്ചേക്കും. അപ്പോൾ കൂടുതൽ പേർക്ക് കൊവിഡ് ടെസ്റ്റ് നടത്തേണ്ടി വരും. അതും കണക്കിലെടുത്താണ് ഈ നീക്കം. ടിക്കറ്റിതര വരുമാന മാർഗത്തിലൂടെ പ്രതിസന്ധിക്ക് ഒരളവുവരെ പരിഹാരം കണ്ടെത്താനാണ് കെ.എസ്.ആർ.ടി.സി ശ്രമിച്ചുവരുന്നത്.
ഓസ് തേടി വരേണ്ട
ബസ് ഡിപ്പോകളിൽ കൊവിഡ് ടെസ്റ്റിംഗ് സെന്ററുകൾക്ക് സ്ഥലം സൗജന്യമായി ആവശ്യപ്പെട്ട് സ്വകാര്യ ലാബുകളാണ് ആദ്യം കെ.എസ്.ആർ.ടി.സിയെ സമീപിച്ചത്. ശബരിമല തീർത്ഥാടന കാലമായതിനാൽ സ്വകാര്യലാബുകളുടെ ആവശ്യം പരിഗണിക്കമെന്ന് ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഗതാഗതവകുപ്പിൽ സമ്മർദ്ദം ചെലുത്തി. എന്നാൽ സർക്കാർ ലാബുകൾക്ക് വേണമെങ്കിൽ സ്ഥലം സൗജന്യമായി അനുവദിക്കാമെന്നും സ്വകാര്യലാബുകൾ വാടക തരണമെന്നുമാണ് ഗതാഗതവകുപ്പ് നിലപാടെടുത്തത്.
ആന്റിജൻ ടെസ്റ്റിന് 625 രൂപയും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് 2100 രൂപയുമാണ് നിരക്ക്.