തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും യു.ഡി.എഫ് - ബി.ജെ.പി സഖ്യമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ ആരോപിച്ചു.
ജമാ അത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായും യു.ഡി.എഫ് സഖ്യമുണ്ടാക്കി. ഈ സഖ്യത്തിന്റെയെല്ലാം ഗുണഭോക്താക്കൾ വർഗീയ ശക്തികളാണ്. ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുമായി കേന്ദ്രം മുന്നോട്ടു പോകുമ്പോഴുള്ള കോൺഗ്രസിന്റെ ഈ വിചിത്ര സഖ്യം ദേശീയതലത്തിൽ പ്രത്യാഘാതം സൃഷ്ടിക്കും. ഈ സഖ്യത്തെ തള്ളി മതനിരപേക്ഷ കക്ഷികൾ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യും.
സാധാരണക്കാരുടെ താത്പര്യങ്ങൾക്കാണ് എൽ.ഡി.എഫ് സർക്കാരിന്റെ പ്രഥമ പരിഗണന . വികസന നയങ്ങളോട് യു.ഡി.എഫ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ ജനം വോട്ട് ചെയ്യും. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായം പാർട്ടി കൂട്ടായി ചർച്ച ചെയ്ത ശേഷം അഭിപ്രായം പറയാം. സോളാർ വിഷയത്തിൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാകും. രാജി വച്ച് വേറെ പാർട്ടിയിൽ പോയവരുടേതല്ല, ഇരകളുടെ അഭിപ്രായമാണ് ആ കേസിൽ പ്രധാനം. ബാർ തുറക്കാനും പൂട്ടാനും വീണ്ടും തുറക്കാനും കോൺഗ്രസുകാർ പിരിവ് നടത്തി. പണം കൊടുത്ത് മടുത്തപ്പോൾ നാട്ടുകാർ അറിയാതെ പറ്റില്ലല്ലോ എന്നു കരുതി തുറന്നുപറഞ്ഞു. അഴിമതി പുറത്തുവന്നാൽ നിയമനടപടി സ്വീകരിക്കുക സർക്കാർ നടപടിക്രമങ്ങളുടെ ഭാഗമാണ്-വിജയരാഘവൻ പറഞ്ഞു.