കാബൂൾ: അഫ്ഗാനിസ്ഥാനിൽ നടന്ന വ്യത്യസ്ത ചാവേർ ആക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടു. ഗസ്നി മേഖലയിലെ പട്ടാള ക്യാമ്പിനെ ലക്ഷ്യം വച്ചാണ് ആദ്യ ആക്രമണം നടന്നത്. സ്ഫോടനത്തിൽ 31 സൈനികർ കൊല്ലപ്പെട്ടന്നാണ് റിപ്പോർട്ടുകൾ. കാർ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ഭീകര സംഘടനയായ സംഘടനയായ താലിബാനും സർക്കാരും തമ്മിലുള്ള സായുധ ആക്രമണങ്ങൾ നിരന്തരം നടക്കുന്ന മേഖലയാണ്, രാജ്യത്തിന്റെ കിഴക്കൻ പ്രദേശമായ ഗസ്നി. ആക്രമണം നടന്നെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് തരീഖ് അരിയാൻ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകൾ ഏറ്റെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. റോയിട്ടേഴ്സ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിക്കാനോ ഏറ്റെടുക്കാനോ സബിഹുള്ള തയ്യാറായില്ല.
അതേസമയം, വടക്കൻ അഫ്ഗാനിലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം 21 പേർക്ക് പരിക്കേറ്റു. പ്രവിശ്യ കൗൺസിൽ മേധാവി അറ്റാജൻ ഹക്വായാത്തിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ അദ്ദേഹത്തിന്റെ അംഗരക്ഷകനാണ്.
താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഭീകരാക്രമണങ്ങൾ വർദ്ധിച്ച് വരികയാണ്.