ശ്രീനഗർ: ഇന്ത്യൻ അതിർത്തിയിൽ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുരത്തി. ശനിയാഴ്ച രാത്രി ജമ്മുകാശ്മീരിൽ ആർ.എസ് പുര സെക്ടറിലെ അതിർത്തിയിലാണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. സൈന്യം വെടിവച്ചതോടെ ഡ്രോൺ പാകിസ്ഥാനിലേക്ക് തിരിച്ചുപോയതായി അതിർത്തി രക്ഷാസേന അറിയിച്ചു.
അതിർത്തിയിൽ നിരീക്ഷണം കൂടുതൽ കർശനമാക്കിയിട്ടുണ്ട്. നേരത്തേയും ഇന്ത്യൻ പ്രദേശങ്ങൾ നിരീക്ഷിക്കാൻ പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മെൻഡാർ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ഡ്രോണിന് സമാനമായ പറക്കുന്ന വസ്തു സൈന്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ജമ്മുവിലെ തന്നെ കെരൻ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ആർമി ക്വാഡ്കോപ്ടർ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടിരുന്നു
അതിർത്തിയിലെ ഇന്ത്യൻ സൈന്യത്തെ നിരീക്ഷിക്കാനും ഭീകരരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കടത്തിവിടാനുമാണ് പാകിസ്ഥാൻ പ്രധാനമായും ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇന്ത്യൻ സൈന്യം നടപടികൾ കടുപ്പിച്ചിരിക്കയാണ്.