ചെന്നൈ: നടൻ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന. രജനി മക്കൾ മൺഡ്രത്തിന്റെ യോഗം ചെന്നൈ കോടമ്പാക്കത്ത് രജനികാന്തിന്റെ ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപം ഹാളിൽ ഇന്ന് രാവിലെ പത്തിന് നടക്കും. രജനി മക്കൾ മൺഡ്രം, സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള നിർണായക തീരുമാനം യോഗത്തിൽ കൈക്കൊള്ളുമെന്നാണ് സൂചന. അതേസമയം യോഗത്തിന് എത്തണമെന്ന സന്ദേശം മാത്രമാണ് ലഭിച്ചതെന്നും, യോഗത്തിന്റെ അജൻഡയെക്കുറിച്ച് അറിയില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. സാമൂഹ്യഅകലം പാലിച്ച് 50 പേർക്കാണ് യോഗത്തിൽ പങ്കെടുക്കാനാവുക.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിംഗ് ഉൾപ്പെടെ ഒഴിവാക്കി, ആൾക്കൂട്ടത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു രജനികാന്ത്. വർഷങ്ങൾക്ക് മുമ്പ് താരം വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനാൽത്തന്നെ കൊവിഡ് സാഹചര്യത്തിൽ ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നയാളാണ് അദ്ദേഹം. എന്നിട്ടും ഇങ്ങനെയൊരു യോഗം വിളിച്ചത് പാർട്ടി പ്രഖ്യാപനത്തിന് തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അടുത്തിടെ രജനികാന്ത് അറിയിച്ചിരുന്നു.