പെട്രോളിന് 21 പൈസയും ഡീസലിന് 30 പൈസയും കൂടി
കൊച്ചി: സാധാരണക്കാർക്ക് തിരിച്ചടിയായി കൊവിഡ് കാലത്തും ഇന്ധനവില കൂടുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടുതവണയാണ് കേരളത്തിൽ വില കൂട്ടിയത്.
ഇന്നലെ പെട്രോൾ വില ലിറ്ററിന് തിരുവനന്തപുരത്ത് 21 പൈസ വർദ്ധിച്ച് 84.34 രൂപയായി. 30 പൈസ ഉയർന്ന് 78.12 രൂപയാണ് ഡീസലിന്. എട്ടുതവണയായി പെട്രോളിന് 1.45 രൂപയും ഡീസലിന് 2.21 രൂപയും കൂടി.
കൊവിഡ് വാക്സിൻ സജ്ജമാകുന്നുവെന്ന വാർത്തകളുടെ പിൻബലത്തിൽ ആഗോളതലത്തിൽ സമ്പദ്പ്രവർത്തനങ്ങൾ വീണ്ടും സജീവമായതോടെ ക്രൂഡോയിലിന്റെ ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. എണ്ണ ഉത്പാദക രാജ്യങ്ങൾ മൂന്നുമാസത്തേക്ക് കൂടി ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന സൂചനയും വിലയെ സ്വാധീനിക്കുന്നു. ഇന്ത്യ വാങ്ങുന്ന ബ്ളെന്റ് ക്രൂഡിന്റെ വില ഈ മാസം ആദ്യം ബാരലിന് 36.43 ഡോളറായിരുന്നത് 47.41 ഡോളറായി ഉയർന്നു.