ന്യൂഡൽഹി: കർഷക സമരത്തിൽ അനുനയ നീക്കവുമായി കേന്ദ്രസർക്കാർ. കർഷകരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഫോണിൽ സംസാരിച്ചു. ഡിസംബർ മൂന്നിന് മുമ്പ് കർഷകരുമായി ചർച്ച നടക്കുമെന്നാണ് വിവരം.
ഡൽഹി ചലോ മാർച്ചിന്റെ ആദ്യ രണ്ട് - മൂന്ന് ദിവസങ്ങളിലെ സംഘർഷങ്ങൾക്ക് ശേഷം സമാധാമപരമായ സമരമാണ് ഡൽഹി അതിർത്തികളിലും കർഷകർ എത്തിച്ചേർന്ന നിരങ്കരി മൈതാനത്തും ഇപ്പോൾ നടക്കുന്നത്. പാട്ടുകൾ പാടിയും ഭക്ഷണം വച്ചും കർഷക നിയമത്തിന്റെ പോരായ്മകളും അപകടങ്ങളും വിശദീകരിച്ചാണ് കർഷകർ ഇപ്പോൾ സമരം മുന്നോട്ട് കൊണ്ടു പോകുന്നത്.
ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറില്ലെന്ന് ഒരു വിഭാഗം കർഷകർ അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ രാത്രി അമിത്ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ എന്നിവർ ബി ജെ പി അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു. മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 26ന് തുടങ്ങിയ കർഷകരുടെ ഡൽഹി ചലോ മാർച്ച് വലിയ സംഘർഷങ്ങൾക്കാണ് വഴിവച്ചത്.