ജമ്മു: നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. അതിർത്തിയോട് ചേർന്നുളള ഭാഗത്ത് പാകിസ്ഥാൻ യുദ്ധവിമാനം പറത്തി. കാശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തിയിലാണ് വിമാനം കണ്ടത്. അതിർത്തികളിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ യുദ്ധവിമാനങ്ങൾ പറത്താൻ പാടില്ല എന്ന അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് പാകിസ്ഥാൻ നടപടിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ഈയടുത്ത കാലത്ത് ഇവിടെ പാക് നിർമ്മിത ഡ്രോണുകൾ കണ്ടെത്തിയിരുന്നുവെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
വെളളിയാഴ്ച പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലായിരുന്നു അന്ന് ആക്രമണം നടന്നത്. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പിൽ സേനയിലെ സുബേദാറായ സ്വതന്ത്രസിംഗ് വീരമൃത്യു വരിച്ചിരുന്നു. കാശ്മീരിലെ നഗ്രോതയിൽ നടന്ന ഭീകര ആക്രമണത്തിൽ പങ്കെടുത്ത നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.