കോട്ടയം: പ്രണയം നടിച്ച് കൂടെതാമസിപ്പിച്ച് പീഡിപ്പിച്ച യുവാവ് ഒരു വർഷത്തിനുശേഷം അറസ്റ്റിൽ. വൈക്കം ടി.വി പുരം സ്വദേശി ഉമക്കരി കോളനിയിൽ വിനോദിനെയാണ് (45) ചെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചെന്നൈയിൽ നിന്നാണ് തിരുവല്ല ഡിവൈ.എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് പിടികൂടിയത്. കോടതിയെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ കൂടെ താമസിപ്പിച്ചത്. തുടർന്ന് സ്വർണവും പണവും കൈക്കലാക്കിയശേഷം മുങ്ങുകയായിരുന്നു. ഇയാളുടെ ബന്ധുവീടുകളിലും മറ്റും യുവതി അന്വേഷിച്ച് ചെന്നെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. തുടർന്ന് പെരുമ്പെട്ടി പൊലീസിൽ പരാതി നല്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചിട്ടും ഒരു സൂചനയും ലഭിച്ചില്ല.
ഇതിനിടയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന് ഒരു ഫോൺകോൾ ലഭിച്ചത്. തുടർന്ന് തിരുവല്ല ഡിവൈ.എസ്.പി യെ അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. ചെന്നൈയിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പെരുമ്പെട്ടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് നാലു ദിവസം നിരീക്ഷിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ചെന്നെയിലെത്തിയ വിനോദ് അവിടെ ഒരു സ്ത്രീക്കൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.