കോട്ടയം: മൈതാന പ്രസംഗങ്ങൾക്കും ആളെ കൂട്ടി പ്രകടനങ്ങൾക്കും വിലക്കാണെങ്കിലും പ്രാദേശിക തലത്തിൽ പ്രവർത്തകരെ ഇളക്കിമറിക്കാൻ ഓൺലൈൻ പ്രചാരണത്തിനും പ്രവർത്തക കൺവെൻഷനുകൾക്കും നേതാക്കളുടെ പടയുണ്ടാകും. 50 പ്രവർത്തകർ വരെ പങ്കെടുക്കാവുന്ന കൺവെൻഷനുകൾക്ക് വിലക്കില്ല. ആളെണ്ണത്തിന് പൊലീസോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ എത്താതെ കണ്ണടക്കുന്നതിനാൽ നൂറ് പേർ വരെ പങ്കെടുക്കുന്നുണ്ട്.
കേരള കോൺഗ്രസ്- ജോസ് വിഭാഗം യു.ഡി.എഫ് വിട്ട ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ച ഉണ്ടാകുന്നത് തടയാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. ജില്ലയിലുടനീളം ഉമ്മൻചാണ്ടി ഓട്ടപ്രദക്ഷിണം നടത്തും. കെ.പി.സി.സി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല എന്നിവർ കൺവെൻഷനുകളിൽ പങ്കെടുത്തു മടങ്ങി. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഇന്നും നാളെയും പങ്കെടുക്കും. കോട്ടയം നഗരസഭയിലെ പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. മറ്റു കോൺഗ്രസ് ഭാരവാഹികൾക്ക് ഓരോ പ്രദേശങ്ങളുടെ ചുമതല നൽകിയിട്ടുണ്ട്. ഓൺലൈൻ പ്രചാരണത്തിന് ഡി.സി .സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നേതൃത്വം നൽകുന്നു .
ഇടതു മുന്നണി ഓൺലൈൻ പ്രചാരണത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വജയൻ , ഇടതു മുന്നണി കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ താത്ക്കാലിക ചുമതലക്കാരനുമായ വിജയരഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ഓൺലൈനിൽ വോട്ടർമാരെ അഭിസംബോധന ചെയ്യും. ഇത് പ്രാദേശിക തലത്തിൽ കുടുംബ യോഗങ്ങളിലും മറ്റും ബിഗ് സ്ക്രീനിലൂടെ പ്രദർശിപ്പിക്കും. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള ഓൺലൈൻ പ്രചാരണത്തിന് ജില്ലാ സെക്രട്ടറി വി.എൻ.വാസവനാണ് നേതൃത്വം നൽകുന്നത്. ഇടതു മുന്നണി ജില്ലാതല പ്രകടന പത്രിക ഇന്ന് കോട്ടയം പ്രസ്ക്ലബ്ബിൽ പ്രകാശനം ചെയ്യും.
എൻ.ഡി.എ പ്രചാരണത്തിന് പ്രമുഖ ബി.ജെ.പി നേതാക്കൾ എത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ , ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഇതിനകം ജില്ലയിലെത്തി മടങ്ങി. കുമ്മനം രാജേശഖരൻ അടക്കം ഈയാഴ്ച എത്തും. പ്രചാരണത്തിന് വാർഡ് അടിസ്ഥാനത്തിൽ ആർ.എസ്.എസ് നേതാക്കളാണ് ചുക്കാൻ പിടിക്കുന്നത്.