ടെഹ്റാന്:ആണവ ശാസ്ത്രജ്ഞന് മുഹ്സെന്‍ ഫക്രിസാദെയെ ഇസ്രായേല്‍ വധിച്ചത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് ആരോപണനുമായി ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥന്. ഇസ്രായേല്‍ ''ഇലക്ട്രോണിക് ഉപകരണങ്ങള്‍'' ഉപയോഗിച്ചാണ് കൃത്യം നടത്തിയെതെന്നാണ് ആരോപണം. വിദേശരാജ്യത്ത് പ്രത്യേക പരിശീലനം ലഭിച്ചവരാണ് അരുംകൊല നടപ്പാക്കിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, മൊഹ്സീന് ഫക്രിസാദേയുടെ സംസ്കാര ചടങ്ങുകള്‍ നടന്നു. തലസ്ഥാനഗരിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഫക്രിസാദേയുടെ ശവസംസ്ക്കാരം നടന്നത്. സംസ്കാരചടങ്ങിനായി രാജ്യത്തിന്റെ വിവിധ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും തലസ്ഥാന നഗരിയില്‍ എത്തി. ഇറാന് പ്രതിരോധ മന്ത്രി അമീര്‍ ഹതാമിയും ഇറാന്റെ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവി ഹൊസൈനി സലാമിയും ഭരണകൂടത്തിന് വേണ്ടി സംസ്കാരചടങ്ങിന് നേതൃത്വം കൊടുത്തു.
ഫക്രിസാദേയുടെ മരണവുമായി ബന്ധപ്പെട്ട് ഇസ്രയേലിന്റേയും അമേരിക്കയുടേയും മേല്‍ ആരോപണവുമായി ഇറാന് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് അജ്ഞാതസംഘം ഫക്രിസാദേയുടെ വാഹനത്തെ പിന്തുടര്ന്ന് അദ്ദേഹത്തെ വധിച്ചത്. ഇറാന്റെ രഹസ്യ ആണവപദ്ധതി നയിക്കുന്നതു ഫക്രിസാദെഹ് ആണെന്നാണ് ഇസ്രയേലും പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികളും വിശ്വസിക്കുന്നത്. എന്നാല്‍, ഇറാന് ആണവായുധം ഇല്ലെന്ന് ആവര്‍ത്തിച്ച ആയത്തുല്ല അലി ഖമൈയി , ഫക്രിസാദെ ചുമതല വഹിച്ചിരുന്ന പദ്ധതികള്‍ തുടരുമെന്നും പ്രഖ്യാപിച്ചു.
കൊലപാതകത്തിനു പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന് ആരോപിച്ചതിനു പിന്നാലെ ഇസ്രയേല്‍ എംബസികളുടെ സുരക്ഷ വര്‍ധിപ്പിച്ചു. സംഘര്‍ഷം വര്‍ധിക്കുന്ന പ്രവൃത്തികള്‍ക്കു മുതിരാതെ ഏവരും സംയമനം പാലിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. മുന്‍പും ഇറാന്റെ ആണവശാസ്ത്രജ്ഞര്‍ വധിക്കപ്പെട്ടിട്ടുണ്ട്.