കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതിനൊപ്പം കോട്ടയത്ത് കൊവിഡും പിടിമുറുക്കിയതോടെ വോട്ടർമാർ ഭീതിയിലായി.
കൊവിഡ് ബാധിച്ചത് മറച്ചുവെച്ച് ചില സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകയറുന്നുവെന്ന പ്രചാരണവും ഇതിനിടെ ശക്തമായി . വോട്ടു മറിക്കാനുള്ള നീക്കമാണ് ഇല്ലാത്ത കൊവിഡ് ആരോപണത്തിനു പിന്നിലെന്ന പ്രസ്താവന നേതാക്കൾ നടത്തുന്നുണ്ടെങ്കിലും വോട്ടർമാർ ആശങ്കയിലായതോടെ കർശന നിർദ്ദേശവുമായി ആരോഗ്യ വകുപ്പും രംഗത്തെത്തി.
പാലാ നഗരസഭയിൽ മത്സരിക്കുന്ന യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഴുവൻ സ്ഥാനാർത്ഥികളും പ്രവർത്തകരും ക്വാറന്റൈനിൽ പോകണമെന്ന ആവശ്യം ഇരു മുന്നണികളും ഉന്നയിക്കുന്നുണ്ടെങ്കിലും പൂർണമായി പാലിക്കുന്നില്ല. വീടുകയറ്റം ഒഴിവാക്കി സാമൂഹ്യ മാദ്ധ്യമം വഴിയുള്ള വോട്ട് പിടിത്തത്തിൽ സ്ഥാനാർത്ഥികൾക്ക് വിശ്വാസമില്ലാത്തതാണ് കാരണം.
യു.ഡി.എഫ് സ്ഥാനാർത്ഥി ജോഷി ജോണിനാണ് ആദ്യം കൊവിഡ് ബാധിച്ചത്. ഇതോടെ യു.ഡി.എഫ് സ്ഥാനാർത്ഥികളെല്ലാം പൊതു പ്രചാരണം നിറുത്തി. ക്വാറന്റൈനിലായി. ഇടതു മുന്നണി വീടുകയറിയുള്ള പ്രചാരണം തുടർന്നതിനിടെ സി.പി.എം സ്ഥാനാർത്ഥി ബിനു പുളിക്കക്കണ്ടത്തിനും പോസിറ്റീവായി. മറ്റു ഇടതു സ്ഥാനാർത്ഥികൾക്ക് നെഗറ്റീവാണെങ്കിലും തങ്ങളെപ്പോലെ ആരും പ്രചാരണത്തിനിറങ്ങരുതെന്ന ആവശ്യവുമായി യു.ഡി.എഫും രംഗത്തെത്തി.
സ്ഥാനാർത്ഥിയോ പ്രവർത്തകരോ കൊവിഡ് ബാധിതരാണോ എന്നറിയാനാവാത്തതിനാൽ വോട്ടർമാർ കതക് തുറക്കില്ല. ജനങ്ങളുടെ ഭീതി അകറ്റാൻ നെഗറ്റീവ് സർട്ടിഫിക്കറ്റുമായ് ഇറങ്ങാനാണ് യു.ഡി.എഫ് തീരുമാനം.
കൊവിഡ് പോസിറ്റീവ് ആകുന്നതോ ക്വാറന്റൈനിൽ പോകുന്നതോ സ്ഥാനാർത്ഥികൾക്കും വോട്ടർമാർക്കും ഒരു പോലെ നഷ്ടമാകുന്നതിനാൽ ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
എം.അഞ്ജന, ജില്ലാ കളക്ടർ
ആരോഗ്യവകുപ്പിന്റെ നിർദേശം
സ്ഥാനാർത്ഥികൾ വീട് കയറി വോട്ട് അഭ്യർത്ഥിക്കരുത്. രണ്ടു മീറ്റർ അകലം പാലിക്കണം. മാസ്ക് താഴ്ത്തരുത്, കുട്ടികളെ എടുക്കരുത്, ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങൽ , ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ ഒഴിവാക്കണം