തിരുവനന്തപുരം: 37.5 ലക്ഷം പേർക്ക് സംസ്ഥാന സർക്കാർ പെൻഷൻ തുക നൽകിയത് കേന്ദ്ര സർക്കാരിന്റെ സഹായമില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിഹിതം വഴി 14 ലക്ഷം പേർക്ക് മാത്രമാണ് പെൻഷൻ ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. നുണകളിലൂടെ ക്രെഡിറ്റ് നേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നട്ടെല്ലുയർത്തി അവകാശവാദം നടത്താൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല എന്നും അദ്ദേഹം പരിഹസിച്ചു.
ബി.ജെ.പിയെക്കൂടി ലക്ഷ്യം വച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ക്ഷേമ പെൻഷനുകളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാർ നടത്തിയ ഇടപെടലുകളെ ഇകഴ്ത്തിക്കാട്ടാനായി ശ്രമം കുറച്ചുകാലമായി ഇടതുപക്ഷ സംഘടനകൾ ബോധപൂർവം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
'കേന്ദ്രത്തിന്റെ കഴിവുകൊണ്ടാണ് ഇതെല്ലാം നടന്നത് എന്നാണ് ഒരു കൂട്ടർ പറയുന്നത്. ഇത് പെട്ടെന്ന് ഉണ്ടായതല്ല. ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങൾക്ക് ജങ്ങളിൽ നിന്നും സ്വീകാര്യത ലഭിക്കുമ്പോൾ ഒന്നുകിൽ അത് തകർക്കണം, അല്ലെങ്കിൽ അതിൽ ഒരു പങ്കെങ്കിലും തങ്ങൾക്കും കൂടി അർഹതപ്പെട്ടതാണെന്ന് വരുത്തിത്തീർക്കണം. അതിനുള്ള ദുഷ്പ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.'-മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമപെൻഷനുകളുടെ കാര്യത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഏറെ മുന്നിലായിരുന്നുവെന്നും ഇക്കാര്യത്തിൽ ഇടതുപക്ഷ സർക്കാർ നുണ പറയുകയുമാണെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോപണത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
കഴിഞ്ഞ കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയിട്ടുള്ളതെന്ന് കാണാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് നാപ്പാക്കിയിട്ടുള്ള ക്ഷേമ പെൻഷനുകളുടെ കണക്കുകളും അദ്ദേഹം വിദേശദീകരിച്ചു. പെൻഷൻ തുകയിൽ കുടിശിക വരുത്തിയത് യു.ഡി.എഫ് സർക്കാർ ആയിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.