സൂറത്ത്: ഭാര്യയുടെ ആഡംബര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബൈക്ക് മോഷ്ടാവായി ഭര്‍ത്താവ്. മെച്ചപ്പെട്ട ജീവിതം ഭാര്യ ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് ഡയമണ്ട് തൊഴിലാളിയായിരുന്ന ഭര്‍ത്താവ് ബൈക്ക് മോഷണത്തിലേക്ക് തിരിഞ്ഞത്. എന്നാല്‍, അധികം താമസിയാതെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്രന്‍ സ്വദേശിയായ ഭല്‍വന്ദ് ചൗഹാനെ ഞായറാഴ്ചയാണ് അറസ്റ്റു ചെയ്തത്. ഭാര്യയുടെ മൂത്ത സഹോദരി ആഡംബര ജീവിതം നയിച്ചിരുന്നതില്‍ ചൗഹാന്റെ ഭാര്യ അസൂയപ്പെട്ടിരുന്നു. ചൗഹാന് 15,000 മുതല്‍ 20,000 രൂപ വരെ സമ്പാദിച്ചിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ സമയത്ത് ചൗഹാന് ജോലി നഷ്ടപ്പെട്ടു.
ആവശ്യത്തിന് പണം സമ്പാദിക്കാന്‍ കഴിയാതിരുന്നതിനാല്‍ ചൗഹാന് മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. കപോദര, വരച്ച, അമ്രോളി, കതര്‍ഗാം എന്നിവിടങ്ങളില്‍ നിന്ന് 30 ഓളം ഇരുചക്ര വാഹനങ്ങള്‍ ചൗഹാന് മോഷ്ടിച്ചു. അറസ്റ്റു ചെയ്തതിന് ശേഷം ചൗഹാനില്‍ നിന്ന് മോഷ്ടിച്ച വാഹനങ്ങളെല്ലാം പൊലീസ് പിടിച്ചെടുത്തു.
ഷോപ്പിംഗ് കോപ്ലക്സുകളുടെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ഇരിക്കുന്ന വാഹനങ്ങള്‍ മോഷ്ടിക്കാനാണ് പ്രതി പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്തിരുന്നതിനാല്‍ ജീവനക്കാരുടെ ജോലി സമയം ചൗഹാന് അറിയാമെന്ന് ക്രൈംബ്രാഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.