കിളിമാനൂർ: കുടുംബശ്രീയിലും തൊഴിലുറപ്പിലുമൊക്കെ കൈയ്യും മെയ്യും മറന്ന് ആത്മാർത്ഥമായി പണി ചെയ്ത വീട്ടമ്മയെ നാട്ടുകാർക്കൊക്കെ ഏറെ പ്രീയമായിരുന്നു. കിട്ടുന്ന ഇടവേളകളിൽ കുടുംബം പോറ്റാൻ കാറ്ററിംഗ് ഉൾപ്പെടെയുള്ള ചില്ലറ പണികളും നടത്തി വന്നു ശ്രീമതി. ശ്രീമാൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കുടുംബത്തോട് സ്നേഹമുണ്ടെങ്കിലും മദ്യപിക്കുന്നതിൽ നാട്ടിൽ ഒന്നാം സ്ഥാനം അദ്ദേഹത്തിനാണ്. പക്ഷെ നാട്ടുകാർക്കൊക്കെ ശ്രീമതിയുടെ സഹജീവി സ്നേഹവും ഹൃദയം നിറഞ്ഞ പെരുമാറ്റവുമൊക്കെ അവരെ സ്വന്തം കുടുംബാംഗമെന്ന പോലെ സ്നേഹിക്കാൻ കാരണമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വന്നപ്പോൾ ശ്രീമതിയെ സ്ഥാനാർത്ഥിയാക്കണമെന്നത് അവരുടെ മോഹമായി. മത്സരിച്ചാൽ വിജയം സുനിശ്ചിതം.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്. വാർഡിൽ നോട്ടമിട്ട് ചില പ്രമുഖ പാർട്ടികളിലെ മുൻ മെമ്പറായിരുന്ന വനിതാസാരഥികൾ രംഗത്തുണ്ടായിരുന്നു. അവരിൽ ചിലർ ശ്രീമതിയുടെ മുന്നിലെത്തി. വാർഡ് മെമ്പറായാൽ മരണം, കല്യാണം, അപകടങ്ങൾ, പൊലീസ് സ്റ്റേഷൻ കയറ്റം തുടങ്ങി സ്വൈരം കെടുത്തുന്ന ഒട്ടേറെ ചുമതലകൾ മെമ്പർക്കുണ്ടാകുമെന്നും അതൊന്നും വീട്ടമ്മയായ ശ്രീമതിക്ക് താങ്ങാൻ കഴിയില്ലെന്നും കുടുംബത്തിലെ സ്വസ്ഥത മുഴുവൻ നഷ്ടമാകുമെന്നൊക്കെയുള്ള കഥകൾ ഒന്നൊന്നായി നിരത്തി. അതു കൊണ്ട് മത്സരിക്കരുതെന്നും ഉപദേശം നൽകി. മുൻ മെമ്പർമാർ നൽകിയ കഥകൾ പാവം ശ്രീമതി വിശ്വാസിച്ച് സ്ഥാനാർത്ഥി മോഹം ഉപേക്ഷിക്കുകയും ചെയ്തു. സ്വതന്ത്രയായി മത്സരിച്ചാൽ പോലും വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റിൽ നിന്നും അങ്ങനെ ശ്രീമതി പിന്മാറി. പക്ഷെ സ്ഥാനാർത്ഥി നിർണയം കഴിഞ്ഞപ്പോൾ പ്രസ്തുത സീറ്റിൽ മത്സരിക്കാനെത്തിയത് തന്നെ സാരോപദേശങ്ങൾ നൽകി പിന്തിരിപ്പിച്ച വനിതാ നേതാവാണെന്ന് കണ്ടപ്പോൾ ശ്രീമതി ഞെട്ടിപ്പോയി. ഇങ്ങനെയും ചേച്ചിമാർ ചതിക്കുമോയെന്ന ചിന്തയിലാണ് പാവം ശ്രീമതി.