കാസർകോട്: കാസർകോട് നഗരസഭയിൽ മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് അഞ്ച് സിറ്റിംഗ് സീറ്റുകളിൽ ഇക്കുറി കടുത്ത പരീക്ഷണം. നുള്ളിപ്പാടി (വാർഡ് -7), അണങ്കൂർ (വാർഡ് -9), വിദ്യാനഗർ (വാർഡ്-10), കടപ്പുറം നോർത്ത് (വാർഡ്-37), ലൈറ്റ് ഹൗസ് (വാർഡ് -38) എന്നീ വാർഡുകളിലാണ് ബി.ജെ.പി കടുത്ത പരീക്ഷണം നേരിടുന്നത്.
നഗരസഭയിൽ ബി.ജെ.പിക്ക് നിലവിൽ 13 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ 36ാം വാർഡായ കടപ്പുറം സൗത്ത് ബി.ജെ.പിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. നുള്ളിപ്പാടി വാർഡിൽ ബി.ജെ.പിയിലെ വരപ്രസാദിനെതിരെ സ്വതന്ത്രയായി എം. ഗായത്രി കിണിയാണ് രംഗത്ത്. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ നേരത്തെ ഗായത്രിയുടെ ഭർത്താവിന് വേണ്ടി സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിരസിക്കപ്പെട്ടതോടെ ശക്തമായ വെല്ലുവിളി ഉയർത്തി ബി.ജെ.പിക്കെതിരെ ഗായത്രി തന്നെ മത്സര രംഗത്തിറങ്ങി.
അണങ്കൂരിൽ ബി.ജെ.പി. നേതാവ് പി. രമേശിനെതിരെ കോൺഗ്രസിലെ അർജ്ജുനൻ തായലങ്ങാടി എത്തിയതോടെ പോരാട്ടം കനത്തു. സി.പി.എം. സ്ഥാനാർത്ഥിയായി അനിൽകുമാർ ഇടമനയും സ്വതന്ത്രനായി അബ്ദുൽ റഹ്മാൻ തെരുവത്തും ഇവിടെ മത്സരിക്കുന്നുണ്ട്. ബി.ജെ.പി അനായാസജയം പ്രതീക്ഷിച്ചതാണ് ഇവിടെ. ജനറൽ സീറ്റായ വിദ്യാനഗറിൽ കെ. സവിതയെ തന്നെ വീണ്ടും ഇറക്കി സീറ്റ് നില നിർത്താൻ ബി.ജെ.പി. ശ്രമിക്കുമ്പോൾ സി.പി.എമ്മിലെ എം.സി. ശേഖരൻ നമ്പ്യാരും കോൺഗ്രസിലെ പി. രാമചന്ദ്രനും വെല്ലുവിളി ഉയർത്തുകയാണ്.
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എസ്. രഹ്ന വിജയിച്ച 36ാം വാർഡിൽ കോൺഗ്രസ് നേതാവും നഗരസഭാ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജി. നാരായണൻ സീറ്റ് നിലനിർത്താനുള്ള ദൗത്യത്തിലാണ്. സീറ്റ് തിരിച്ചു പിടിക്കാൻ രഞ്ജിനി പ്രഭാകരനെയാണ് എൻ.ഡി.എ രംഗത്തിറക്കിയത്. സി.പി.എം. സ്ഥാനാർത്ഥിയായി കെ. നാരായണനും മത്സരിക്കുന്നുണ്ട്.
37ാം വാർഡിൽ കഴിഞ്ഞ തവണ വിജയിച്ച ബി.ജെ.പിയുടെ എം. ഉമയെ തൊട്ടടുത്ത 38ാം വാർഡിൽ (ലൈറ്റ് ഹൗസ്) ഇറക്കി സീറ്റ് നിലനിർത്താനാണ് ബി.ജെ.പിയുടെ ശ്രമം. ജനറൽ സീറ്റായ കടപ്പുറം നോർത്ത് വാർഡിൽ വനിതയായ ശൈലജയെയാണ് കോൺഗ്രസ് ഇറക്കിയത്. എന്നാൽ സീറ്റ് നില നിർത്താനായി ബി.ജെ.പി രംഗത്തിറക്കിയത് അജിത്കുമാറിനെയാണ്. സി.പി.എം. സ്ഥാനാർത്ഥിയായി ബാലചന്ദ്രനും രംഗത്തുണ്ട്.