പലിശനിരക്കുകൾ മാറ്റാനിടയില്ല
കൊച്ചി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ (എം.പി.സി) യോഗം നാളെ മുതൽ നാലുവരെ നടക്കും. നാലിന് ധനനയം പ്രഖ്യാപിക്കും. നടപ്പുവർഷത്തെ ആദ്യപാദത്തിൽ നെഗറ്റീവ് 23.9 ശതമാനം റെക്കാഡ് തകർച്ച നേരിട്ട ജി.ഡി.പി വളർച്ച, രണ്ടാംപാദത്തിൽ നെഗറ്റീവ് 7.5 ശതമാനത്തിലേക്ക് നില അല്പം മെച്ചപ്പെടുത്തിയിരുന്നു.
പ്രമുഖ റേറ്റിംഗ്, ധനകാര്യ സ്ഥാപനങ്ങൾ വരും പാദങ്ങളിൽ ഇന്ത്യ നില കൂടുതൽ മെച്ചപ്പെടുത്തുമെന്ന പ്രവചനമാണ് നടത്തുന്നത്. ജി.ഡി.പിയുടെ തിരിച്ചുവരവിനുള്ള ശക്തമായ പിന്തുണയാണ് ഇക്കുറി ധനനയ സമിതിയിൽ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത്.
റീട്ടെയിൽ നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ 'നിയന്ത്രണരേഖ" മറികടന്ന് മുന്നേറുന്നതിനാൽ പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാദ്ധ്യത വിരളം. ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം വിലയിരുത്തിയാണ് പ്രധാനമായും റിസർവ് ബാങ്ക് പലിശനിരക്ക് പരിഷ്കരിക്കുന്നത്. ഇത് നാലു ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം.
എന്നാൽ, സെപ്തംബറിലിത് 7.27 ശതമാനവും ഒക്ടോബറിൽ 7.61 ശതമാനവുമാണ്. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയരുന്നതാണ് പ്രധാന ആശങ്ക. ഇന്ധനവിലയും വർദ്ധിക്കുന്നു. ഈ ട്രെൻഡ് വരും മാസങ്ങളിലും തുടരുമെന്നതിനാൽ പലിശനിരക്ക് താഴ്ത്താൻ സാദ്ധ്യതയില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
പ്രതീക്ഷ എന്ത്?
ഓപ്പൺ മാർക്കറ്റ് ഓപ്പറേഷനിലൂടെ പണലഭ്യത കൂട്ടാൻ നടപടിയുണ്ടായേക്കും. കയറ്റുമതി, ആഭ്യന്തര ഉത്പാദനം എന്നിവ മെച്ചപ്പെടുത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ വായ്പ നേടാനുമുള്ള നടപടികളും പ്രതീക്ഷിക്കാം.
നിരക്കുകൾ
റിപ്പോ നിരക്ക് : 4.00%
റിവേഴ്സ് റിപ്പോ : 3.35%
സി.ആർ.ആർ : 3.00%
എം.എസ്.എഫ് : 4.25%
എസ്.എൽ.ആർ : 18.00%
1.15%
കൊവിഡ് കാലത്ത് മാർച്ച് മുതൽ ഇതിനകം റിപ്പോനിരക്ക് റിസർവ് ബാങ്ക് 1.15 ശതമാനം കുറച്ചിട്ടുണ്ട്. 5.15 ശതമാനത്തിൽ നിന്ന് നാലു ശതമാനമായാണ് റിപ്പോ കുറച്ചത്.