ലോട്ടറി തട്ടിപ്പ് പഴങ്കഥയാകും
തിരുവനന്തപുരം: കേരള ലോട്ടറി ടിക്കറ്റിനെ സ്മാർട്ടാക്കി ഹൈടെക്ക് സുരക്ഷ. ബാങ്ക് ചെക്കുകൾക്ക് സമാനമാണിത്. കാഴ്ചയിൽ മാറ്റമില്ല. കമ്പ്യൂട്ടർ സ്കാനറിൽ വച്ചാൽ വ്യാജനും ഒറിജിനലും തിരിച്ചറിയാം. തട്ടിപ്പുകൾ ഇനി നടക്കില്ല.
സ്മാർട്ട് ടിക്കറ്റുകൾ കൈകാര്യം ചെയ്യാൻ ജില്ലാ, താലൂക്ക് ലോട്ടറി ഒാഫീസുകളും സ്മാർട്ടാക്കയിട്ടുണ്ട്. നേരത്തേ ലോട്ടറി ടിക്കറ്റിന്റെ സുരക്ഷാ സംവിധാനം ബാർകോഡായിരുന്നു. കളർ ഫോട്ടോസ്റ്റാറ്റും ഡിജിറ്റൽ പ്രിന്ററും അത് സുരക്ഷിതമല്ലാതാക്കി. സമ്മാനം കിട്ടിയ ടിക്കറ്റിന്റെ കളർപ്രിന്റുമായി തട്ടിപ്പ് നടത്തുന്നത് വ്യാപകമായി. ടിക്കറ്റ് വാങ്ങിയവർ ചതിക്കപ്പെടും.ലോട്ടറി വകുപ്പിന് നഷ്ടവും. ഇത് പരിഹരിക്കാനാണ് ഹൈടെക്ക് സുരക്ഷ കൊണ്ടുവന്നത്.
മൈക്രോപ്രിന്റിംഗ്, ഒപ്പെക് ടെക്സ്റ്റ്, ഗ്ളിച്ച്, റിലീഫ് പ്രിന്റിംഗ് എന്നിവയാണ് പുതിയ സ്മാർട്ട് സുരക്ഷാകവചങ്ങൾ. ഒറ്റനോട്ടത്തിൽ ബാർ കോഡ് മാത്രമേ കാണൂ. കണ്ണുകൊണ്ട് കാണാനാവില്ല പുതിയ സുരക്ഷാ അടയാളങ്ങൾ. അവയുടെ ഫോട്ടോകോപ്പിയോ, സ്കാൻ പകർപ്പോ എടുക്കാനുമാവില്ല.
മൈക്രോപ്രിന്റിംഗ്
ചെക്ക്, ഡ്രാഫ്റ്റ്, കറൻസി എന്നിവയിലുള്ളതു പോലെ ചെറിയ എഴുത്തുകൾ
ഒപ്പെക് ടെക്സ്റ്റ്
ടിക്കറ്റിലെ ടിന്റഡ് മാർക്ക്. പോളറോയിഡ് ഫിലിം സ്കാനറിലേ കാണാനാവൂ.
ഗ്ലിച്ച്
സൂക്ഷ്മമായ വരകൾ കൊണ്ടുള്ള ജ്യോമിതീയ രൂപങ്ങൾ. ഇത് കാണാമെങ്കിലും പകർത്താനോ, കോപ്പിയെടുക്കാനോ കഴിയില്ല.
റിലീഫ് പ്രിന്റിംഗ്
സീൽ പതിച്ച പോലെയുള്ള തിരിച്ചറിയാൻ കഴിയാത്ത മാർക്കുകൾ.
മൂന്നുലക്ഷം കുടംബങ്ങൾക്ക് അത്താണി
സംസ്ഥാനത്തിന് വൻ വരുമാനം നൽകുന്ന ലോട്ടറി മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾക്ക് ഉപജീവന മാർഗമാണ്. സമ്മാനത്തുക നിരവധി പേർക്ക് ജീവിതത്തിൽ പുതുവെളിച്ചം നൽകും. ടിക്കറ്റ് സുരക്ഷിതമാകുന്നത് വില്പന വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ലോട്ടറിയിലെ തട്ടിപ്പ് തടയാനും നടപടിയെടുക്കാനും സംസ്ഥാനതലത്തിൽ എ.ഡി.ജി.പിയുടെയും ജില്ലാതലത്തിൽ കളക്ടറുടെയും മോണിട്ടറിംഗ് സെല്ലുകളുണ്ട്. പരാതികൾ കൈകാര്യം ചെയ്യുന്നത് ഇവയാണ്.
ലോട്ടറി വരുമാനം (കോടിയിൽ)
1977- ₹2.75
1987- ₹33.38
1997- ₹105.32
2007- ₹333.91
2017- ₹8,977.24
കേരള ലോട്ടറി
ആകെ 7 പ്രതിവാര ലോട്ടറികൾ, 6 ബമ്പറുകൾ
ഏജന്റുമാർ : 35,000
വില്പനക്കാർ : 2.5 ലക്ഷം