കൊച്ചി: കൊവിഡ് കാലത്തെ തിളക്കത്തിൽ നിന്ന് സ്വർണവില കുത്തനെ വീഴുന്നു. ഇന്നലെ പവന് 240 രൂപ താഴ്ന്ന് വില 35,760 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,470 രൂപയാണ് വില. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കൊവിഡ് കാലത്ത് ഓഹരി-കടപ്പത്ര വിപണികൾ തകർന്നപ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് വൻ പ്രീതി ലഭിച്ചിരുന്നു. രാജ്യാന്തര വില ഔൺസിന് 2,000 ഡോളറിനുമേൽ അന്ന് കുതിച്ചു. കേരളത്തിൽ ആഗസ്റ്റ് ഏഴിന് പവൻ വില 42,000 രൂപയെന്ന റെക്കാഡ് കുറിച്ചു; ഗ്രാം 5,250 രൂപയും.
കൊവിഡ് വാക്സിൻ സജ്ജമാകുന്ന വാർത്തകളും അമേരിക്കയിൽ ബൈഡന്റെ ജയവും ഓഹരി-കടപ്പത്ര വിപണികളെ വീണ്ടും നേട്ടത്തിലേറ്റി. ഇപ്പോൾ സ്വർണവില തുടർച്ചയായി ഇടിയുകയാണ്. ആഗസ്റ്റിലെ റെക്കാഡിൽ നിന്ന് ഇതുവരെ പവൻ വിലയിലുണ്ടായ ഇടിവ് 6,240 രൂപ; ഗ്രാമിന് 780 രൂപയും. ഡോളറിന്റെ അപ്രമാദിത്തം നഷ്ടപ്പെടുന്നതും സ്വർണവിലയെ താഴേക്ക് നയിക്കുകയാണ്.