പഴയങ്ങാടി: രണ്ടില ചിഹ്നത്തിന് പ്രസക്തിയില്ലാത്ത ഒരു കാലം മാടായിക്കും പറയാനുണ്ട്. രണ്ടില ചിഹ്നത്തിനായി പി.ജെ. ജോസഫും ജോസ് കെ. മാണിയും തമ്മിൽ പിടിവലി നടക്കുന്നത് കണ്ടാണ് മാടായിക്കാരൻ 69കാരനായ മൈലാഞ്ചിക്കൽ കാദിരി ഹാജി തനിക്ക് 1979ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നമായി അനുവദിച്ചിട്ടും അത് ഉൾകൊള്ളാൻ കഴിയാതെ തിരസ്കരിച്ച കഥ ഓർത്തെടുക്കുന്നത്.
മാടായി പഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച തനിക്ക് അനുവദിക്കപ്പെട്ടത് രണ്ടില ചിഹ്നം. സൈക്കിൾ, ത്രാസ്, ഗ്ളാസ് തുടങ്ങിയ സ്വതന്ത്ര ചിഹ്നങ്ങൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും അനുവദിച്ചു കിട്ടിയില്ല. പിന്നീട് ആലോചിച്ചപ്പോൾ ചുമരെഴുത്ത് മാത്രമുണ്ടായിരുന്ന കാലമായതിനാൽ രണ്ടില വരയ്ക്കാൻ എളുപ്പമാണെന്ന് ആരോ പറഞ്ഞതിനെ തുടർന്ന് രണ്ടില ചിഹ്നത്തിൽ മത്സരിക്കുകയായിരുന്നു. കാദിരി ഹാജി പരാജയപ്പെട്ടെങ്കിലും 132 വോട്ട് നേടി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും അഖിലേന്ത്യാ മുസ്ലിം ലീഗും രണ്ട് മുന്നണികളിലായി വിഘടിച്ച് നിൽക്കുന്ന കാലം.വാടിക്കലിലെ എട്ടാം വാർഡിൽ വാടിക്കൽ നിവാസിയെ തന്നെ മത്സരിപ്പിക്കണമെന്ന് യൂണിയൻ ലീഗിലെ കാദിരി ഹാജി അടക്കമുള്ള ലീഗ് പ്രവർത്തകർ ലീഗിന്റെ നേതൃത്വകേന്ദ്രമായ പുതിയങ്ങാടി ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ തർക്കം വന്നതുകൊണ്ട് ഘടകകക്ഷിയായ കോൺഗ്രസിന് ആ സീറ്റ് നല്കുകയാരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കാദിരി ഹാജി സ്വതന്ത്ര സ്ഥാനാർത്ഥി കുപ്പായമിട്ടത്. കാദിരി ഹാജിയുടെ സ്ഥാനാർത്ഥിത്വം ബാധിച്ചത് അഖിലേന്ത്യ ലീഗ് സ്ഥാനാർഥിയെയും. ഐക്യജനാധിപത്യ മുന്നണിയിലെ ബെൽക്രിയൻ ജോർജ് ജയിച്ചത് 125 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കാദിരി ഹാജി പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്.