കോട്ടയം: അതിരമ്പുഴകടക്കാൻ കൈയ്മെയ് മറന്നാണ് മുന്നണികളുടെ പ്രവർത്തനം. കർഷകരും കർഷക തൊഴിലാളികളും വിധി നിർണയിക്കുന്ന ഡിവിഷൻ. പ്രവചനാതീതമാണ് അതിരമ്പുഴയിലെ പോരാട്ടം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഡിവിഷന്റെ ഏതെങ്കിലുമൊരു ഭാഗത്തു ശക്തമായ സ്വാധീനമുണ്ടെന്നതിനാൽ മൂന്നു മുന്നണികളും ഡിവിഷനിൽ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത് തികഞ്ഞ വിജയപ്രതീക്ഷയോടെയാണ്. മത്സരിക്കുന്നതു് കരുത്തരായ സ്ഥാനാർത്ഥികളും.
യു.ഡി.എഫിനോടു കൂറു പുലർത്തുമെന്നു തോന്നുമെങ്കിലും കഴിഞ്ഞ തവണ അതിരമ്പുഴയിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയിരുന്നു. മുൻ വർഷത്തെപ്പോലെ റിബൽ ഭീഷണി യു.ഡി.എഫിനെ കുഴക്കുന്നു. കോൺഗ്രസ്, കേരള കോൺഗ്രസ് റിബലുകൾ പിടിക്കുന്ന വോട്ടുകൾ അതിരമ്പുഴയുടെ തലവര മാറ്റും. അതിരമ്പുഴ, ആർപ്പൂക്കര മേഖലകളിൽ യു.ഡി.എഫിന് ശക്തമായ വേരോട്ടമുണ്ട്. ആർപ്പൂക്കര, അയ്മനം മേഖലകളിൽ സി.പി.എമ്മിനും. കേരളാ കോൺഗ്രസിന്റെ വരവോടെ ശക്തി വർദ്ധിച്ചിട്ടുണ്ടെന്നും എൽ.ഡി.എഫ്. അവകാശപ്പെടുന്നു. അതിരമ്പുഴ മേഖലയിൽ ഉൾപ്പെടെ കേരളാ കോൺഗ്രസ് എം ശക്തമാണ്. എന്നാൽ, കരുത്ത് ഒട്ടും ചോർന്നിട്ടില്ലെന്ന് യു.ഡി.എഫ്. അവകാശപ്പെടുന്നു. ബി.ജെ.പിയും ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് തയാറെടുക്കുന്നത്. അയ്മനം, ആർപ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളിലാണ് ബി.ജെ.പി. പ്രതീക്ഷ. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അതിരമ്പുഴ, യൂണിവേഴ്സിറ്റി, കുടമാളൂർ, പ്രാവട്ടം, മാന്നാനം, കരിപ്പൂത്തട്ട് ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് അതിരമ്പുഴ ഡിവിഷൻ. കേരളാ കോൺഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങൾ ഇവിടെ നേർക്കുനേർ പോരാടുന്നു. മൂന്നു മുന്നണികളും ഒരുപോലെ ആഭ്യന്തര പ്രശ്നം നേരിടുന്നു. യു.ഡി.എഫിന് രണ്ടു വിമതരെയാണ് നേരിടേണ്ടിവരുന്നത്. ഡിവിഷനിലെ ആദ്യ മെമ്പറായിരുന്ന സാലി ജോർജും വിമതയായി രംഗത്തുണ്ട്. കേരളാ കോൺഗ്രസിന് സീറ്റ് വിട്ടുനൽകിയതിൽ സി.പി.എമ്മിലെ ഒരു വിഭാഗത്തിന് ശക്തമായ പ്രതിഷേധമുണ്ട്.
ഡോ.റോസമ്മ സോണി
മൂന്നു പതിറ്റാണ്ട് മാന്നാനം കെ.ഇ. കോളേജിൽ ചരിത്ര വിഭാഗം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച ഡോ. റോസമ്മ സോണിയാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി. ഏറ്റുമാനൂർ ശ്രീ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഗാന്ധിയൻ ആദർശങ്ങളും ഭാരതീയ ചിന്തകളും എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടുകയും ചരിത്രം, പൊളിറ്റിക്കൽ സയൻസ്, എഡ്യൂക്കേഷൻ, സോഷ്യൽവർക്ക് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ സജീവമാണ്.
ബിന്ദു ബൈജു പൊതുരംഗത്ത് സജീവമായ ബിന്ദു ബൈജു മാതിരമ്പുഴയാണ് കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി. സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ അതിമ്പുഴ മേഖലയിൽ സുപരിചിതയാണ്. ലയൺസ് ക്ളബിന്റെ ചാരിറ്റി പ്രവർത്തനങ്ങളിലും ബിന്ദു സജീവമാണ്. വ്യക്തിബന്ധങ്ങളും പാർട്ടി ബന്ധങ്ങളും മുതൽക്കൂട്ടാകുമെന്ന് എൽ.ഡി.എഫ്. പ്രതീക്ഷിക്കുന്നു.
മായാ ജി. നായർ അദ്ധ്യാപികയായ മായാ ജി. നായരാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. ബി.ജെ.പിയ്ക്ക് ഡിവിഷനിലുള്ള സ്വാധീനവും നിർണായക ബി.ഡി.ജെ.എസ്. വോട്ടുകളും കൂട്ടിയാൽ വിജയം ഉറപ്പിക്കാമെന്നാണ് എൻ.ഡി.എ. ക്യാമ്പിന്റെ പ്രതീക്ഷ.
നിർണായകം
സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നം യു.ഡി.എഫിലെ റിബൽ ഭീഷണി ജോസ് വിഭാഗത്തിന്റെ സ്വാധീനം