ലണ്ടൻ: ബ്രിട്ടനിലെ ആരോഗ്യപ്രവർത്തകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ കൊവിഡ് പ്രതിരോധ വാക്സിൻ ലഭിക്കുമെന്ന് റിപ്പോർട്ട്. ഫൈസറിന്റെ കൊവിഡ് വാക്സിന് ബ്രിട്ടൻ അടുത്തയാഴ്ച അനുമതി നൽകിയേക്കുമെന്നാണ് വിവരം. ക്ലിനിക്കൽ ട്രയലിൽ ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു.
ഫൈസറിന്റെ 40 ദശലക്ഷം ഡോസുകൾക്ക് ബ്രിട്ടൻ ഇതിനകം ഓർഡർ നൽകിക്കഴിഞ്ഞു. നിശ്ചയിച്ചതുപ്രകാരം കാര്യങ്ങൾ മുന്നോട്ടുനീങ്ങുകയാണെങ്കിൽ ഡിസംബർ ഏഴോടെ വാക്സിന്റെ ആദ്യഘട്ട വിതരണം ബ്രിട്ടനിൽ ആരംഭിക്കും. രാജ്യത്തെ വാക്സിന് വിതരണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ബിസിനസ് മന്ത്രി നഥിം സാഹവിയെ ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചുമതലപ്പെടുത്തിയിരുന്നു.
ഇത് കൂടാതെ, അടുത്ത ഏപ്രിൽ - മെയ് മാസത്തിന്റെ ആരംഭത്തോടെ പരമാവധി വാക്സിൻ രാജ്യത്തെത്തിക്കാനാണ് തീരുമാനമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി യു.എസ് കമ്പനിയായ മൊഡേണയുടെ 20 ലക്ഷം ഡോസ് വാക്സിന് കൂടി ബ്രിട്ടീഷ് സർക്കാർ ഓർഡർ നൽകി. രണ്ടാഴ്ച മുമ്പ് ഇതേ കമ്പനിയുടെ 50 ലക്ഷം ഡോസിന് ഓർഡർ നൽകിയതിനു പിന്നാലെയാണിത്. ഫൈസർ വാക്സിന്റെ 40 ദശലക്ഷം ഡോസും ബ്രിട്ടൻ ഓർഡർ ചെയ്തിട്ടുണ്ട്.