ഷൊർണൂർ: സാധാരണക്കാരന്റെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് മോദി സർക്കാർ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപ്പെടുന്നത് തടയാൻ ദേശീയ ജനാധിപത്യസഖ്യ സ്ഥാനാർത്ഥികൾ വിജയിച്ച് വരേണ്ടത് അനിവാര്യതയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ അഞ്ച് കൊല്ലം എൽ.ഡി.എഫും തുടർന്ന് യു.ഡി.എഫും എന്ന പരമ്പരാഗത രീതി ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും. മാറി മാറി വരുമ്പോൾ അഴിമതി കേസുകളും പരസ്പരം അവസാനിപ്പിക്കുന്ന രീതിക്കും അറുതിവരുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.
മുനിസിപ്പൽ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടി കെ.എം.ഹരിദാസ്, ജില്ലാ സെൽ കൺവീനർ എം.പി.സതീഷ് കുമാർ, ജില്ലാ മേഖലാ സെക്രട്ടറി ടി.ശങ്കരൻ കുട്ടി, കെ.പി.അനൂപ്, രുഗ്മിണി, ഇ.പി.നന്ദകുമാർ സംസാരിച്ചു.