കൊല്ലങ്കോട്: ജില്ലാ പഞ്ചായത്ത് കൊല്ലങ്കോട് ഡിവിഷനിൽ ഇത്തവണ പോരാട്ടാം കനക്കുമെന്ന് ഉറപ്പാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കളരിയിൽ പയറ്റിതെളിഞ്ഞ രണ്ടുപേരാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഇടതുപക്ഷത്തിന്റെ സിറ്റംഗ് സീറ്റ് നിലനിറുത്താനായി എൽ.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത് കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷിനെയാണ്. സി.പി.എം അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ശാരദ തുളസീദാസാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി.ഈ തിരഞ്ഞെടുപ്പിൽ വിജയിച്ച് എതിരാളിക്ക് രാഷ്ട്രീയമായി തന്നെ മറുപടി പറയുകയെന്നതാണ് ഇരു മുന്നണികളും ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ പി.കെ.സന്തോഷ് കുമാർ 1753 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സീറ്റ് നിലനിറുത്തുകയെന്നതാണ് ഇടതു ക്യാമ്പിന്റെ ലക്ഷ്യം. കൊല്ലങ്കോട്ടെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുകൾ നേതൃത്വത്തിന് തലവേദനയായ സാഹചര്യത്തിൽ ശാരദയിലൂടെ ഡിവിഷൻ പിടിച്ചെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
കൊല്ലങ്കോട്, മുതലമട, വടവന്നൂർ പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊല്ലങ്കോടും മുതലമടയും എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ വടവന്നൂരിൽ വിജയം യു.ഡി.എഫിനായിരുന്നു. എന്നാൽ, കൊല്ലങ്കോട്ടും വടവന്നൂരിലും ബി.ജെ.പി രണ്ടാം സ്ഥാനത്തേക്ക് എത്തി എന്നത് ഏറെ ശ്രദ്ദേയമാണ്. മുതലമടയിലും ബി.ജെ.പിക്ക് നാല് അംഗങ്ങളുണ്ട്. അതിനാൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് വോട്ടർമാരുടെ പ്രതീക്ഷ. കവിതാ പ്രവീണാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി.
സി.പി.എമ്മിൽ പ്രവർത്തിച്ചതിന്റെ പരിചയസമ്പത്ത് കൈമുതലാക്കിയും കഴിഞ്ഞ കാലങ്ങളിൽ ജനപ്രതിനിധിയെന്ന നിലയ്ക്ക് നേടിയെടുത്ത ജനസമിതിയും വ്യക്തി ബന്ധങ്ങളും ഉപയോഗിച്ചാണ് ഇരുമുന്നണികളും വോട്ടുപിടിക്കുന്നത്. സർക്കാരിന്റെ നേട്ടങ്ങൾ ഒാരോന്നായി ഇടതുപക്ഷം എണ്ണിപ്പറയുമ്പോൾ സർക്കാരിന്റെ അഴിമതിയും അധോലോക ബന്ധവുമാണ് യു.ഡി.എഫ് വോട്ടർമാരിലേക്ക് എത്തിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടവേളകളില്ലാതെ വോട്ടുതേടിയുള്ള യാത്രയിലാണ് സ്ഥാനാർത്തികൾ. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, സി.പി.എം പാലക്കോട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ശാലിനി കറുപ്പേഷ് ഇത് മൂന്നാം തവണയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
യു.ഡി.എഫിന്റെ ശാരദ തുളസീദാസ് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷയും സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായിരുന്നു. മുൻപ് മുതലമട പഞ്ചായത്ത് അംഗമായിരുന്നു.