തിരുവനന്തപുരം: സ്പ്രിൻക്ളർ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ആദ്യം നിയോഗിച്ച മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നും , അതിന്റെ പകർപ്പ് തനിക്ക് നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സ്പ്രിൻക്ളറിന് വിവര ശേഖരണത്തിന് അനുമതി നൽകിയതിൽ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിരുന്നോ, വ്യക്തികളുടെ മൗലികാവകാശമായ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടുണ്ടോ, എവിടെയൊക്കെയാണ് വീഴ്ചകളുണ്ടായത് എന്നൊക്കെ അന്വേഷിക്കാനാണ് കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. വിവരശേഖരണത്തിനായി സ്പ്രിൻക്ളറെ നിയോഗിച്ചതിൽ സർക്കാരിനുണ്ടായ വീഴ്ചകൾ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരുന്നു . 1.8 ലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിൻക്ളറിന്റെ കൈയ്യിലെത്തിയെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. ഈ റിപ്പോർട്ട് അട്ടിമറിക്കാനാണ് പുതിയൊരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.