ചെർപ്പുളശ്ശേരി: കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കൺസൽട്ടൻസി ഭരണമാണ്. ഇതുപോലൊരു ഭരണം കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. എന്നാൽ, ഇതൊന്നും കണ്ടെത്താൻ പാടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചെർപ്പുളശ്ശേരിയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ അഴിമതി ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷ നേതാക്കളെയും എം.എൽ.എമാരേയും കേസിൽ കുടുക്കുകയാണ് സർക്കാർ. പ്രതിപക്ഷ എം.എൽ.എമാരെ ഒരു ചുക്കും ചെയ്യാൻ സർക്കാരിന് കഴിയില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഈ സർക്കാരിന്റെ അഴിമതികളെല്ലാം പുറത്തു കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര ഭരണത്തിനെതിരായ വികാരം കൂടി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദഹേം കൂട്ടിചേർത്തു.
നഗരസഭയിലേയും നെല്ലായ, തൃക്കടീരി, വെള്ളിനേഴി പഞ്ചായത്തുകളിലേയും പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത്.
കെ.എം.ഇസ്ഹാഖ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രഡിന്റ് വി.കെ.ശ്രീകണ്ഠൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.പി.മുഹമ്മദ്, മരക്കാർ മാരായമംഗലം, കെ.കെ.എ.അസീസ്, പി.ഹരിഗോവിന്ദൻ, ഒ.വിജയകുമാർ പങ്കെടുത്തു.