കിഴക്കമ്പലം: വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ഓൺ ലൈൻ ലേല നടപടികൾ തുടങ്ങി. മൂന്ന് ഓട്ടോ റിക്ഷയും, രണ്ട് ട്രാക്റ്ററും, ബൊലേറോ ജീപ്പും, ഗുഡ്സ് ഓട്ടോയും , മോട്ടോർ സൈക്കിളുമടക്കം 9 വാഹനങ്ങൾ ലേലത്തിൽ വിറ്റു പോയി. പാലക്കാട് കേന്ദ്രമായ സ്ക്രാപ്പ് കച്ചവടക്കാരാണ് ലേലം കൊണ്ടത്. വാഹനങ്ങൾ പൊളിച്ചെടുത്ത് മാറ്റി.
കേസ് കഴിഞ്ഞ വാഹനങ്ങൾ ഉടമകൾ യഥാസമയം തിരിച്ചെടുക്കാത്തതാണ് വാഹനങ്ങൾ കുന്നുകൂടാൻ കാരണം. അപകടസംബന്ധമായ കേസുകളാണെങ്കിൽ വിധി പൂർണമായാൽ കോടതി വഴി ഉടമക്ക് വാഹനം തിരികെ ലഭിക്കും. എന്നാൽ വാഹനങ്ങൾ പലപ്പോഴും തിരിച്ചെടുക്കാൻ ഉടമകൾ വരാറില്ല.നേരത്തെ പൊലീസ് സ്റ്റേഷൻ വളപ്പിലുണ്ടായ പൊലീസ് ക്വാർട്ടേഴ്സ് കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു വീഴാറായപ്പോൾ പൊളിച്ചു മാറ്റിയിരുന്നു. ആ ഭാഗത്താണ് വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. പെരുമ്പാവൂർ പൊലീസ് വിവിധ കേസുകളിൽ പിടിച്ചെടുത്ത് റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ നഗരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഇവിടേയ്ക്ക് മാറ്റിയിരുന്നു. കേസുകൾ തീർപ്പായ വാഹന ഉടമകൾ എത്രയും വേഗം വാഹനമെടുത്ത് കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് പല തവണ നോട്ടീസ് നൽകിയെങ്കിലും തീരുമാനമായിരുന്നില്ല. ഇവിടെ ക്വാർട്ടേഴ്സ് നിർമ്മിക്കാനുള്ള അപേക്ഷ പൊതു മരാമത്ത് വകുപ്പിന്റെ പരിഗണനയിലാണ്. നിർമ്മാണത്തിന് അനുമതി ലഭിച്ചാൽ ഇവിടെ കൂട്ടിയിട്ട വാഹനങ്ങൾ എടുത്തു മാറ്റുന്നത് പൊലീസിന് വെല്ലുവിളിയാകും.
ഇനി 82 വാഹനങ്ങളുടെ ലേലത്തിന്
വിവിധ കേസുകളിലായി പിടിച്ചെടുത്ത നൂറുകണക്കിന് വാഹനങ്ങളാണ് സറ്റേഷനിൽ തുരുമ്പെടുത്ത് നശിക്കുന്നത്. ഇതു സംബന്ധിച്ച് 'കേരള കൗമുദി' നല്കിയ വാർത്തയെ തുടർന്നാണ് നടപടി.ഇനി 82 വാഹനങ്ങളുടെ ലേല നടപടി പുരോഗമിക്കുകയാണ്. വാർത്ത വന്നയുടൻ റൂറൽ എസ്.പി കെ.കാർത്തിക് നേരിട്ടിടപെട്ട് ലേല നടപടികൾ ത്വരിതപ്പെടുത്താൻ നിർദ്ദേശം നല്കിയിരുന്നു. കഴിഞ്ഞ ദിവസം റൂറൽ ജില്ലാ വിഭാഗമാണ് ലേല നടപടികൾ തുടങ്ങിയത്.
ഉടമകൾ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
ഇനിയും കേസുകൾ തീർപ്പായ വാഹന ഉടമകൾ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാൽ ലളിതമായ നടപടികൾക്കു ശേഷംവാഹനങ്ങൾ വിട്ടു നൽകും.
വി.ടി ഷാജൻ, എസ്.എച്ച്.ഒ കുന്നത്തുനാട്