സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകൾക്കായുള്ള സ്പെഷ്യൽ റൂൾ നിലവിൽ വരും മുമ്പ്, പ്ളസ്ടുവിലേക്കുള്ള എല്ലാ അദ്ധ്യാപകരെയും നിയമിച്ചത് സ്ഥാനക്കയറ്റം വഴിയാണ്. എൽ.പി / യു.പി / എച്ച്. എസ് തലങ്ങളിൽ ജോലിക്കു കയറിയ, ബിരുദാനന്തര ബിരുദമുള്ള സകലരെയും പ്ളസ്ടുവിലേക്ക് സ്ഥാനക്കയറ്റം നൽകി നിയമിക്കുകയായിരുന്നു. 2004 വരെ ജോലിക്കു കയറിയ, യോഗ്യരായ ഏതാണ്ട് എല്ലാവർക്കും സ്ഥാനക്കയറ്റം ലഭിച്ചു.
സ്പെഷ്യൽ റൂൾ പ്രകാരം ആകെ ഒഴിവിന്റെ 75 ശതമാനം പി.എസ്.സി വഴിയും 25 ശതമാനം മാത്രം തസ്തികമാറ്റം വഴിയും ആക്കി. പല പ്രകാരത്തിലുള്ള ആശ്രിത നിയമനങ്ങളും 75 ശതമാന വിഹിതത്തിൽ ഉൾപ്പെടുത്തി. അങ്ങനെ 2005 മുതൽ പി.എസ്.സി നേരിട്ടുള്ള നിയമനം നടത്തിവരുന്നു. നിലവിൽ എല്ലാ വിഷയത്തിലും ജൂനിയർ തസ്തികയിലേക്ക് മാത്രമാണ് നേരിട്ടുള്ള നിയമനം. സീനിയർ തസ്തികയിലേക്കുള്ള മുഴുവൻ നിയമനവും ജൂനിയറിൽ നിന്ന് സീനിയോറിറ്റി ക്രമത്തിലുള്ള തസ്തികമാറ്റം വഴിയാണ് ഇപ്പോൾ.
തസ്തികമാറ്റ ചട്ടപ്രകാരം തസ്തികയുടെ നാലിലൊന്ന്, പ്രൊബേഷൻ കഴിഞ്ഞ ജൂനിയർ അദ്ധ്യാപകർക്ക് ഉള്ളതാണ്. അതിൽ ആൾ കുറവെങ്കിൽ ഹൈസ്കൂളിൽ നിന്നുള്ള യോഗ്യരായവരെ നിയമിക്കും. അവിടെയും ഇല്ലെങ്കിൽ പ്രൈമറിയിൽ നിന്നു നിയമനം. അതുപോലെ ഓരോ വിഷയത്തിലെയും ജൂനിയർ തസ്തികയുടെ കാൽഭാഗം, ഹൈസ്കൂളിലുള്ള യോഗ്യരായ അപേക്ഷകർക്ക് നൽകും. അതിൽ ആളില്ലെങ്കിൽ പ്രൈമറിയിൽ നിന്ന് എടുക്കും.
ഏതു തസ്തിക ആയാലും, മറ്റെങ്ങും യോഗ്യർ ഇല്ലെങ്കിൽ മാത്രമാണ് പ്രൈമറി അദ്ധ്യാപകർക്ക് നൽകിവന്നത്.
യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയായാലും പ്ളസ് ടുവിലേക്കുള്ള തസ്തികമാറ്റ നിയമനം കൃത്യമായി നടത്താൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നില്ല എന്ന പരാതി ആദ്യം മുതൽ തന്നെ ഉണ്ട്. സ്പെഷ്യൽ റൂൾസ് നിലവിൽ വന്നിട്ട് ഒന്നര പതിറ്റാണ്ടു കഴിഞ്ഞെങ്കിലും തസ്തികമാറ്റ നിയമനം നടന്നത് മൂന്നുപ്രാവശ്യം മാത്രമാണ് എന്നതുതന്നെ ഇക്കാര്യത്തിലുള്ള സർക്കാരിന്റെയും സംഘടനകളുടെയും താത്പര്യമില്ലായ്മയുടെ തെളിവാണ്. ഓരോ സർക്കാരിന്റെയും കാലത്ത് ഒരു തവണ വീതം. 2016 ഡിസബർ 31 വരെയുള്ള ഒഴിവുകൾ നികത്താനായി 2017 ലാണ് ഏറ്റവും ഒടുവിൽ തസ്തികമാറ്റ നിയമനം നടന്നത്.
പ്രഥമാദ്ധ്യാപക തസ്തികയിലേക്ക് മാർച്ച് - മേയ് മാസങ്ങളിൽ ഉണ്ടാകുന്ന വിരമിക്കൽ ഒഴിവുകളിലേക്ക് മേയ് - ജൂൺ മാസത്തിൽ കൃത്യമായി നിയമനം നടക്കാറുണ്ട്. ആ ശുഷ്കാന്തി പ്ളസ് ടു അദ്ധ്യാപക നിയമനത്തിന് ഇല്ലാത്തതിന്റെ കാരണം സംഘടനകൾക്ക് ഇക്കാര്യത്തിൽ ഒട്ടും തന്നെ താത്പര്യമില്ലാത്തതാണ്.
എല്ലാ അദ്ധ്യാപക സംഘടനകളുടെയും ചുമതലക്കാർ എയിഡഡ് അദ്ധ്യാപകരോ പ്ളസ് ടു നിയമന യോഗ്യതാ പരിധിക്കു പുറത്തുള്ള പ്രൈമറി അദ്ധ്യാപകരോ ആണ്. യോഗ്യതയുള്ള ' ആർക്കോ" വേണ്ടി മെനക്കെടാൻ അവർ മുതിരാറില്ല. മാത്രമല്ല പ്രൈമറിയിലും ഹൈസ്കൂളിലും ഇരിക്കുമ്പോൾ അംഗത്വഫീസും മറ്റു പിരിവുകളുമെല്ലാം കൃത്യമായി കൊടുക്കുന്നവർ പ്ളസ്ടുവിൽ എത്തിയാൽ പിന്നെ കണ്ടില്ലെന്നു നടിക്കും. ആ വരുമാനമാർഗം മുടക്കാൻ സംഘടനകൾ തയ്യാറല്ല. കട്ടയിൽ നിന്നു കയറാൻ ശ്രമിക്കുന്ന ഞണ്ടിനെ മറ്റു ഞണ്ടുകൾ വലിച്ചു താഴെയിടുന്നതു പോലെ തന്നെ.
തസ്തികമാറ്റ നിയമനം പ്രൈമറി വിഭാഗക്കാർക്ക് ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് ആകെ ഒഴിവിന്റെ 20 ശതമാനം അവർക്കും 10 ശതമാനം മറ്റ് സ്കൂൾ ജീവനക്കാർക്കും നീക്കിവച്ചിട്ടുള്ള ഉത്തരവ് ഇറക്കുകയും 2017 മുതലുള്ള നിയമനം പി.എസ്.സിയെ ഏല്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാത്തതിനാലും പ്രക്രിയയിലെ സ്വാഭാവിക താമസം ചൂണ്ടിക്കാട്ടിയും പി.എസ്.സി അത് നിരസിക്കുകയാണു ചെയ്തത്. നിയമന നടപടി വീണ്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയായി മാറിയിരിക്കുകയാണ്.
കൃത്യമായി ഉത്തരവാദിത്വത്തോടെ ചെയ്താൽ നിസാരമായി തീർക്കാവുന്നതാണ് തസ്തികമാറ്റ നിയമനവും. ഓരോ വിഷയത്തിലും സീനിയോറിറ്റി പട്ടിക പ്രത്യേകം പ്രത്യേകം ഉണ്ടെങ്കിൽ ഓരോ വർഷവും പ്രതീക്ഷിക്കുന്ന ഒഴിവിലേക്ക് ഡിസംബർ - ജനുവരിയിൽ നടപടികൾ തുടങ്ങിയാലും മേയ് മാസത്തിൽ നിയമനം നടത്താം. ജൂനിയറിൽ നിന്ന് സീനിയറിലേക്കുള്ള നിയമനത്തിന് 248 പേരുകൾ വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ചത് ഒക്ടോബർ 22ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ നിയമനം നടന്നാൽ ജൂനിയറിലേയുള്ള തസ്തികമാറ്റത്തിന് 200ൽപ്പരം ഒഴിവുകൾ കൂടി ഈ ഡിസംബറിൽ ഉണ്ടാകും. അതുകൂടി ചേർത്ത് നിയമന നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുമെന്നു പ്രതീക്ഷിക്കാം.