ലക്നൗ: 'ദേവ് ദീപാവലി' ആഘോഷത്തിന്റെ വേളയിൽ വാരാണസി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറൽ. ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കിയ ലേസർ ഷോ മോദി സന്ദർശനത്തിനായി തയ്യാറാക്കിയ തന്റെ ക്രൂയിസിൽ നിന്നുകൊണ്ട് നോക്കി കാണുന്നതും ഷോയ്ക്ക് അകമ്പടിയായുള്ള ശിവ സ്തുതി കേട്ട് അദ്ദേഹം ബോട്ടിന്റെ കൈവരിയിൽ താളം പിടിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
'ഹർ ഹർ മഹാദേവ്' എന്ന കുറിപ്പോടു കൂടി പ്രധാനമന്ത്രി തന്നെയാണ് ഈ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവച്ചത്. സന്ദർശന വേളയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തെ അനുഗമിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് പ്രധാനമന്ത്രി വരാണസിയിലേക്ക് എത്തിയത്. ശേഷം ദേശീയ പാത 19ന്റെ ഹാണ്ടിയാ-രാജാതലാബ് ഭാഗം ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം അദ്ദേഹം നിർവഹിച്ചു.
Har Har Mahadev! pic.twitter.com/k2XD2Q74xl
— Narendra Modi (@narendramodi) November 30, 2020
കൊവിഡ് മൂലം സാഹചര്യങ്ങൾ എത്രയൊക്കെ മാറിയാലും കാശിയുടെ 'ഊർജ്ജത്തെയും ശക്തിയെയും ഭക്തിയെയും' ഒന്നിനും മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികൾക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകുന്നതായി വാരണാസിയിലെ ജനങ്ങളോട് അദ്ദേഹം പറഞ്ഞു.
1913ൽ വാരണാസിയിലെ ഒരു ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്തിയ അന്നപൂർണ ദേവിയുടെ വിഗ്രഹം കാനഡയിൽ നിന്നും രാജ്യത്തേക്ക് ഉടൻ മടങ്ങിയെത്തുന്നതിനെ പറ്റിയും മോദി സംസാരിച്ചു.100 വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂർണ വിഗ്രഹം മടങ്ങിയെത്തുന്നത് കാശിയെ സംബന്ധിച്ച് വളരെ വലിയ ഭാഗ്യമാണെന്ന് മോദി പറഞ്ഞു.
രാജ്യത്തെ ദേവീദേവൻമാരുടെ പുരാതന വിഗ്രഹങ്ങൾ നമ്മുടെ വിശ്വാസത്തിന്റെയും അമൂല്യമായ പൈതൃകത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഇത്തരം ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിൽ രാജ്യത്തിന് നിരവധി പ്രതിമകൾ തിരികെ ലഭിക്കുമായിരുന്നുവെന്നും മോദി വ്യക്തമാക്കി.ദീപാവലി കഴിഞ്ഞ് 15 ദിവസത്തിന് ശേഷം ഹിന്ദുമാസമായ കാർത്തികയിലെ പൗർണമി നാളിൽ വാരണാസിയിൽ ആഘോഷിക്കുന്ന ഉത്സവമാണ് ദേവ് ദീപാവലി.
ഇതിന്റെ ഭാഗമായി രാജ്ഘട്ടിൽ പ്രധാനമന്ത്രി വിളക്ക് കത്തിക്കുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ദീപാലംകൃതമായ വാരണാസിയിൽ ഗംഗാ നദിയുടെ തീരത്ത് 1.1 ദശലക്ഷം മൺചിരാതുകൾ തെളിയിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം മേദി കാശി വിശ്വനാഥ ക്ഷേത്രത്തിലും സന്ദർശനം നടത്തിയിരുന്നു.