പത്തനംതിട്ട: നാട് പോളിംഗ് ബൂത്തിലെത്താൻ ഇനി ഏഴ് ദിവസം മാത്രം. എട്ടിനാണ് വോട്ടെടുപ്പ്. ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ സ്ഥാനാർത്ഥികൾ രണ്ടും മൂന്നും ഘട്ടമായി വീടുകൾ കയറിയിറങ്ങി വോട്ടുറപ്പിക്കുന്നു. വിസ്തൃതി കൂടുതലുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർത്ഥികൾ ഭവന സന്ദർശനങ്ങളിലാണ്. പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും വിലക്കുള്ള സാഹചര്യത്തിൽ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കുടുംബയോഗങ്ങളിലാണ് നേതാക്കൾ പങ്കെടുക്കുന്നത്.
യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും സംസ്ഥാന നേതാക്കളെ ജില്ലയിൽ എത്തിച്ചിട്ടുണ്ട്. പ്രചാരണം അവസാന റൗണ്ടിലേക്ക് കടക്കുന്ന ഇൗയാഴ്ച വീടുകൾ തോറുമുള്ള വോട്ടർമാരുടെ പാർട്ടി അടിസ്ഥാനത്തിലുള്ള കണക്കെടുത്തുള്ള വിശകലനത്തിലാണ് പാർട്ടികളുടെ ശ്രദ്ധ.
ദേശീയതലത്തിലെ കർഷകസമരവും സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളുമാണ് അവസാന ഘട്ട പ്രചരണത്തിലെ വിഷയങ്ങൾ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണവീഴ്ചയിലേക്കാണ് വോട്ടർമാരുടെ ശ്രദ്ധ യു.ഡി.എഫ് ആകർഷിക്കുന്നത്.
കേന്ദ്ര സർക്കാരിനെതിരായ വിമർശനവും സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികളുമാണ് എൽ.ഡി.എഫ് ഉന്നയിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസന നേട്ടവും സംസ്ഥാന സർക്കാരിനെതിരായ വിഷയങ്ങളും എൻ.ഡി.എ ഉന്നയിക്കുന്നു.