പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിലെ അരുമാനൂർ മേഖലയിലുള്ള നീരുറവകൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോയിക്കവിളാകം മുതൽ കല്ലുവിളവരെയുള്ള പ്രദേശങ്ങളിൽ നിരവധി വറ്റാത്ത നീരുറവകൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ പലതും ഇന്ന് അപ്രത്യക്ഷമായി. ഒഴുക്ക് തടസപ്പെടുത്തുന്ന വിധമുള്ള നിർമ്മാണവും മണ്ണിട്ട് നികത്തിയതുമാണ് ഉറവകളുടെ നാശത്തിന് കാരണമായത്. സംരക്ഷണ നടപടികൾ പാളിയതോടെ ബാക്കിയുള്ള ഉറവകളുടെ നിലനിൽപ്പും ഭീഷണിയിലാണ്. മഴക്കാലത്ത് ഇവയിൽ നിന്നുള്ള വെള്ളം പരന്നൊഴുകുകയാണ് പതിവ്. ഇതോടെ റോഡുകൾ തോടാകും. റോഡുകൾ തകരുന്നതിനാണ് ഇത് വഴിതെളിക്കുക. അരുമാനൂരിന് ചുറ്റുമുള്ള പരണിയവും തിരുപുറവും ഉയർന്ന പ്രദേശങ്ങളാണ്. അവിടങ്ങളിൽ നിന്നുള്ള ഊറ്റാണ് നീരുറവയിൽ കിട്ടുന്നതെന്നാണ് പഴമക്കാർ പറയുന്നത്. ഈ വെള്ളം ചാലുകളിലൂടെ കുളങ്ങളിലേക്കും പിന്നീട് തോടുകളിലേക്കും അവിടെ നിന്ന് മുട്ടയാർ, ചകിരിയാൻ വഴി നെയ്യാറിലും എത്തിച്ചേരുന്നു. പൊഴിമുറിയുമ്പോൾ അവ അറബിക്കടലിൽ ലയിക്കും. എന്നാൽ പ്രദേശത്തെ ചാലുകളും തോടുകളും കൈയേറ്റത്തിന് നടുവിലായതോടെ എല്ലാം അവതാളത്തിലായി. പ്രദേശത്തെ ജലസമ്പന്നമാക്കിയിരുന്നവയാണ് താമരക്കുളം, പനച്ചമൂട്ടുകുളം, കാട്ടുകുളം, ശാസ്താംകുളം തുടങ്ങിയവ. എന്നാൽ കൈയേറ്റങ്ങൾ കാരണം ഇവയിലേക്ക് വെള്ളം ഒഴുകിയെത്താറില്ല. മഴക്കാലത്ത് കുളങ്ങൾ നിറഞ്ഞാൽ അത് ഒഴുകിപ്പോകുന്നതിനും സാധിക്കാറില്ല. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കൃഷിനാശവും വർദ്ധിക്കുന്നു
മഴക്കാലത്ത് കുളങ്ങൾ നിറഞ്ഞൊഴുകിയെത്തുന്ന വെള്ളം നെയ്യാറിൽ ചെന്നു ചേരുന്ന് സ്ഥലത്തെ തടസം കാരണം വെള്ളപ്പൊക്കവും കൃഷിനാശവും ഉണ്ടാകാറുണ്ട്. പ്രദേശത്തെ താമരക്കുളം മാത്രമാണ് ഇപ്പോൾ ജനങ്ങൾക്ക് ഉപയോഗമുള്ളത്. മറ്റ് കുളങ്ങൾ കാട് മൂടിയ അവസ്ഥയിലാണ്. അവ നവീകരിക്കണമെന്നത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ചെളിമാറ്റി കുളങ്ങളുടെ ആഴം വർദ്ധിപ്പിച്ചെങ്കിലും തുടർനടപടികൾ പാളി.
കുടിവെള്ള ക്ഷാമം രൂക്ഷം
തീരദേശ പഞ്ചായത്തായ പൂവാറിൽ മഴക്കാലത്തുപോലും കടുത്ത കുടിവെള്ള ക്ഷാമമാണ്. കരിച്ചൽ വാട്ടർ സപ്ലൈ സ്കീമിൽ നിന്നുമുള്ള വെള്ളമാണ് ഇവർക്ക് ആശ്രയം. ഇവിടെയുള്ള രണ്ട് പ്ളാന്റുകളിൽ ഒന്ന് മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് പ്രദേശത്ത് വെള്ളമെത്തുന്നത്. തീരദേശ ഗ്രാമ പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്ഥാപിച്ച തിരുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ വെള്ളം പൂവാറിൽ എത്തിക്കാനും ഇതുവരെ സാധിച്ചില്ല. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതും കപ്പാസിറ്റി കൂടിയ ടാങ്ക് സ്ഥാപിക്കാത്തതുമാണ് കാരണം. പഞ്ചായത്തിലെ ജലസമ്പത്ത് വേണ്ടവിധം സംരക്ഷിച്ചാൽ ഇതിന് പരിഹാരമാകുമെന്നാണ് ജനങ്ങൾ പറയുന്നത്.