ന്യൂഡൽഹി: പുതിയ കാർഷിക നിയമം, കർഷകരെ കബളിപ്പിക്കാനല്ല, മറിച്ച് അവരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും സർക്കാരിന്റെ ഉദ്ദേശ്യം ഗംഗാജലം പോലെ ശുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കർഷകർ വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും പുതിയ നിയമത്തിന്റെ ഫലങ്ങൾ ഉടൻ ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം വാരാണസിയിൽ പറഞ്ഞു.
73 കിലോമീറ്റർ വാരാണസി - പ്രയാഗരാജ് ആറുവരി ദേശീയ പാതാ പദ്ധതി നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ദശകങ്ങളോളം ചൂഷണത്തിനും കബളിപ്പിക്കലിനും വിധേയരായ കർഷകർ എന്തും ആശങ്കയോടെ കാണുന്നവരാണ്. കർഷകരുടെ പേരിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ അവരിൽ എത്തിയിരുന്നില്ല. ഒരു രൂപ പ്രഖ്യാപിച്ചാൽ അവർക്ക് ലഭിച്ചിരുന്നത് 15 പൈസ മാത്രം. പാർശ്വവത്ക്കരിക്കപ്പെട്ട, ചെറുകിട കർഷകരെ അവഗണിച്ചിരുന്നു. നിസാരമായ താങ്ങുവിലയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇക്കുറി കർഷകരുടെ പേരിൽ കബളിപ്പിക്കലില്ല. കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യം ഗംഗാജലം പോലെ ശുദ്ധമാണ്.
ചെറുകിട കർഷകർക്ക് വലിയ വിപണിയും ഉയർന്ന വിലയും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം നിയമ പരിരക്ഷയോടെ കൂടുതൽ അവസരങ്ങളും ലഭിക്കുന്നു. മുമ്പ് ചന്തകൾക്ക് വെളിയിൽ നടത്തുന്ന വിപണനം നിയമവിരുദ്ധമായിരുന്നു. ഇപ്പോൾ ചെറുകിട കർഷകർക്ക് ചന്തകൾക്ക് പുറത്തും തങ്ങളുടെ ഉത്പന്നങ്ങൾ വില്ക്കാം. സമീപ ഭാവിയിൽ നിയമത്തിന്റെ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കുന്നത് കാണാനാകും. നിയമങ്ങളെ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ഒപ്പമുണ്ട്. ആവശ്യമുള്ളവർക്ക് പഴയ സമ്പ്രദായവും തുടരാം.
കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരുടെ മുഖംമൂടി അഴിഞ്ഞു വീണിട്ടുണ്ട്. കള്ളം പിടിക്കപ്പെട്ടു എന്നു മനസിലായപ്പോൾ വേറെ വിഷയങ്ങളുമായി അവരെത്തുന്നു. മുമ്പ് സർക്കാർ തീരുമാനങ്ങളെ എതിർത്തവർ ഇപ്പോൾ ആശങ്കകളുടെ പേരിൽ കർഷകരെ സമീപിക്കുന്നു. ദശാബ്ദങ്ങൾ കർഷകരെ കബളിപ്പിച്ചവർ ഒന്നുംനടക്കില്ലെന്ന പ്രചാരണമാണ് നടത്തുന്നത്. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.