ചെന്നൈ: രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച തീരുമാനം ഉടൻ അറിയിക്കുമെന്ന് നടൻ രജനികാന്ത്. ആരാധക സംഘടനയായ രജനി മക്കൾ മൺട്രത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
''ഞാൻ സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞു. ഞാൻ എന്ത് തന്നെ തീരുമാനിച്ചാലും എനിക്കൊപ്പം നിൽക്കുമെന്ന് അവർ പറഞ്ഞു. കഴിയുന്നത്രയും വേഗത്തിൽ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തും'' -രജനി പറഞ്ഞു.
നേരത്തേ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രജനികാന്തിനോട് രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ മാസം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് രജനിയുടെ പേരിൽ പ്രചരിച്ചിരുന്നു. എന്നാൽ ആ കത്ത് തന്റേതല്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
'പ്രചരിപ്പിച്ചിരുന്ന കത്ത് എന്റേതല്ല. ഡോക്ടർമാരുടെ നിർദേശം സത്യമായിരുന്നു. എന്നാൽ എന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച കാര്യത്തിൽ രജനി മക്കൾ മൺട്രവുമായി ആലോചിച്ച് തീരുമാനമെടുക്കും' രജനി ട്വിറ്ററിൽ കുറിച്ചു.
അതേസമയം രജനികാന്ത് ബി.ജെ.പിയിൽ ചേരുമെന്നും ചിലപ്പോൾ പുതിയ പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുടെ ഘടകകക്ഷിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്.